ന്യൂഡല്‍ഹി: അമൃത്സറില്‍ 60ഓളം പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തില്‍ ഡ്രൈവര്‍ അരവിന്ദ് കുമാര്‍ പോലീസിന് മൊഴി നല്‍കി. ആള്‍ക്കൂട്ടത്തെ കണ്ടയുടന്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിക്കുകയും തുടര്‍ച്ചയായി ഹോണ്‍ മുഴക്കുകയും ചെയ്തെങ്കിലും അപകടം ഒഴിവാക്കാനായില്ലെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടാന്‍ ഒരുങ്ങിയപ്പോള്‍ ആള്‍ക്കൂട്ടം കല്ലെറിയാനാരംഭിച്ചു. യാത്രക്കാരുടെ സുരക്ഷയോര്‍ത്ത് മുന്നോട്ടെടുത്ത ട്രെയിന്‍ പിന്നീട് അമൃത്സര്‍ ജങ്ഷനിലാണ് നിര്‍ത്തിയത്. മേലുദ്യോഗസ്ഥരോട് ഇവിടെ വെച്ച് താന്‍ കാര്യങ്ങള്‍ ബോധിപ്പിച്ചെന്നും അരവിന്ദ് വ്യക്തമാക്കി.
ദസറ ആഘോഷത്തിനിടെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ അമൃത്സറില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദസറ ആഘോഷത്തിന്റെ സംഘാടകര്‍ ഒളിവിലാണ്. ഇവരുടെ വീടിനെതിരെ ആക്രമണമുണ്ടായി. പ്രതിഷേധക്കാര്‍ പൊലീസിന് നേരേയും കല്ലെറിഞ്ഞു.
ചടങ്ങിന്റെ സംഘാടകരായ കൗണ്‍സിലര്‍ വിജയ് മദന്‍, അദ്ദേഹത്തിന്റെ മകന്‍ സൗരഭ് മദന്‍ എന്നിവരാണ് ഒളിവിലുള്ളത്. ഇവരുടെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവമുണ്ടായ രണ്ട് ദിവസമായിട്ടും ആരേയും അറസ്റ്റ് ചെയ്യാതെ വന്നതോടെയാണ് പ്രതിഷേധം കനത്തത്. പൊലീസിന്റെ എഫ്‌ഐആറില്‍ ആരുടേയും പേരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിഷേധക്കാര്‍ റെയില്‍വെ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇത് തടയാന്‍ ശ്രമിച്ച പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. ജില്ലാ ഭരണകൂടത്തിന് എതിരെയായിരുന്നു പ്രതിഷേധം.
വെളളിയാഴ്ച്ച വൈകുന്നേരമാണ് രാജ്യത്തെ നടുക്കി പഞ്ചാബിലെ അമൃത്സറില്‍ ട്രെയിനപകടം ഉണ്ടായത്. ദസറ ആഘോഷങ്ങള്‍ക്കിടെ ട്രാക്കിലേക്ക് കയറി നിന്ന ആള്‍ക്കാരെ തട്ടി തെറിപ്പിച്ചാണ് ട്രെയിന്‍ കടന്നുപോയത്. 61 പേരാണ് അപകടത്തില്‍ മരിച്ചത്. 143 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ മനസാക്ഷിയെ നടക്കുന്ന ക്രൂരകൃത്യങ്ങളാണ് അപകടത്തിനിടയില്‍ നടന്നതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ടവരുടെ മൊബൈലുകളും പേഴ്‌സുകളും വ്യാപകമായി മോഷ്ടിച്ചതായി ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍, പേഴ്‌സുകള്‍ എന്നിവയെല്ലാം നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും നഷ്ടമുണ്ടായിട്ടുണ്ട്. അമൃത്‌സറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ ജ്യോതി കുമാരിക്ക് തന്റെ 17കാരനായ മകന്‍ വാസുവിനെയാണ് നഷ്ടമായത്. വാസുവിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചപ്പോള്‍ 20,000 രൂപ വില വരുന്ന ഫോണും സ്വര്‍ണമാലയും പേഴ്‌സും നഷ്ടപ്പെട്ടുവെന്നാണ് പരാതി. സമാനമായ പരാതികളാണ് പലരും പൊലീസിനോട് ഉന്നയിക്കുന്നത്.
ട്രെയിന്‍ അപകടത്തില്‍ സ്വന്തം മകളെയും മകനെയും നഷ്ടപ്പെട്ട ദീപക് പരിക്കേറ്റ് ഇപ്പോള്‍ ചികില്‍സിയിലാണ്. അപകടസ്ഥലത്ത് പരിക്കേറ്റ് കിടക്കുമ്പോള്‍ അടുത്തെത്തിയാള്‍ സഹായിക്കാതെ മൊബൈല്‍ ഫോണുമായി കടന്നു കളയുകയായിരുന്നുവെന്നാണ് ദീപക്ക് പറയുന്നത്. അപകടം നടന്നതിന് ശേഷവും റെയില്‍വേ ട്രാക്കിനടുത്ത് നിന്ന് സെല്‍ഫിയെടുത്ത ജനങ്ങളുടെ നടപടി വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു