മുസാഫര്‍നഗര്‍: ഓഗസ്റ്റ് 15 ന് രാത്രി മുസാഫര്‍നഗര്‍ റെയിൽവേ സ്റ്റേഷനില്‍ നിന്നും മടങ്ങി വരികയായിരുന്നു ചുമട്ടു തൊഴിലാളിയായ ഷാരൂഖ്. വഴിയില്‍ വച്ച് ഷാരൂഖിന്റെ കാല്‍ നിലത്തു കിടന്നിരുന്ന ത്രിവര്‍ണ്ണ പതാകയില്‍ തടഞ്ഞു. പകലത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ ആരോ വലിച്ചെറിഞ്ഞിട്ട് പോയതായിരുന്നു ഈ പതാക. പതാക കണ്ടതും ഷാരൂഖിന്റെ മനസിലേക്ക് ഓടിയെത്തിയത്. തന്റെ വീടായിരുന്നു. അച്ഛനും അമ്മയും ഭാര്യയും മക്കളുമെല്ലാം അന്തിയുറങ്ങുന്ന, വാതിലിന്റെ സ്ഥാനത്ത് ഒരു തകരപ്പാളി മാത്രമുള്ള വീട്. പതാക കൊണ്ട് സൂര്യപ്രകാശത്തിനും വീടിന്റെ അകത്തിനും ഇടയിലൊരു ചെറിയ മതിലു പണിയാലോ എന്നായിരുന്നു ഷാരൂഖ് ചിന്തിച്ചത്. അങ്ങനെ ആ 33 കാരന്‍ പതാകയുമായി വീട്ടിലേക്ക് പോയി.

21 ദിവസങ്ങള്‍ക്ക് ശേഷം, സെപ്റ്റംബര്‍ 5ന്, ഷാരൂഖ് കാണുന്നത് ഒരു പറ്റം ശിവസേന പ്രവര്‍ത്തകരുടെ അകമ്പടിയോടെ മുറ്റത്ത് വന്നു നില്‍ക്കുന്ന പൊലീസിനെയാണ്. ദേശീയ പതാകയെ അപമാനിച്ചെന്ന കേസില്‍ ഷാരൂഖിനെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പൊലീസ്. ഇത്ര വലിയൊരു കുറ്റകൃത്യമായിരുന്നു താന്‍ ചെയ്തതെന്ന് ഷാരൂഖിനോ അദ്ദേഹത്തിന്റെ വൃദ്ധരായ മാതാപിതാക്കള്‍ക്കോ ഭാര്യയ്‌ക്കോ ഒന്നും അറിയില്ലായിരുന്നു. നാല് പേര്‍ക്കും വിദ്യാഭ്യാസമില്ല. ഷാരൂഖിന്റെ മക്കളും സ്‌കൂളില്‍ പോകുന്നില്ല.

”അങ്ങനെ ചെയ്യുന്നതിലൂടെ ദേശീയ പതാക അപമാനിക്കപ്പെടുമെന്ന് അറിയുമായിരുന്നുവെങ്കില്‍ ഞങ്ങളുടെ മകന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു” നാളുകളായി രോഗകിടക്കയില്‍ കഴിയുന്ന പിതാവ് സത്താര്‍ പറയുന്നു. തന്റെ ഭര്‍ത്താവ് അന്നന്നത്തെ കൂലിയ്ക്ക് പണിയെടുക്കുന്ന ആളാണെന്നും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതോടെ വീട്ടിലേക്കുള്ള വരുമാനം ഇല്ലാതായെന്നും ഭാര്യ നഗ്മ പറയുന്നു. ഇപ്പോള്‍ അയല്‍വാസികള്‍ നല്‍കുന്ന സഹായത്തിലാണ് വീട് കഴിഞ്ഞു പോകുന്നത്.

ഒരു വര്‍ഷം മുമ്പാണ് ഷാരൂഖിന്റെ കുടുംബം രാംപൂരിയിലെ വീട്ടിലേക്ക് താമസം മാറുന്നത്. 1200 രൂപയാണ് വാടക. ഒരുമാസം 4000 മുതല്‍ 5000 വരെയാണ് ഷാരൂഖിന്റെ വരുമാനം. ഇതില്‍ 1200 രൂപ വാടക നല്‍കി കഴിഞ്ഞ് ബാക്കിയുള്ള തുകയ്ക്ക് വേണം ആറ് വയറ് നിറയാന്‍. അറിവില്ലായ്മ കൊണ്ടാണ് ഷാരൂഖ് പതാകയെ വാതിലാക്കി മാറ്റിയതെന്നും അത് മനസിലാക്കി പൊലീസ് അദ്ദേഹത്തിന് ഒരവസരം നല്‍കണമായിരുന്നുവെന്നുമാണ് അയല്‍വാസിയായ ഇക്ബാല്‍ പറയുന്നത്. ശിവസേന അനാവശ്യമായി വിഷയത്തെ പര്‍വ്വതീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഷാരൂഖിന്റെ വീടിന്റെ 400 മീറ്റര്‍ അകലെയാണ് ശിവസേന നേതാവായ ലോകേഷ് സെയ്‌നി താമസിക്കുന്നത്. ശിവസേനയുടെ പരാതിയില്‍ ലോകേഷാണ് ഷാരൂഖിനെതിരായ സാക്ഷി. എന്തൊക്കെ ന്യായങ്ങള്‍ നിരത്തിയാലും ദേശീയ പതാകയെ അപമാനിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് ലോകേഷ് പറയുന്നത്. അത്രമാത്രം നിരക്ഷരനാകാന്‍ ആര്‍ക്കും ആകില്ലെന്നാണ് ലോകേഷിന്റെ വാദം. തങ്ങളുടെ ജീവന്‍ രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച ജവാന്മാരുടെ മൃതദേഹത്തില്‍ പുതപ്പിക്കാനുള്ളതാണ് പതാക. അതിനെയാണ് സൂര്യ പ്രകാശത്തെ തടയാനുള്ള തുണിയാക്കി മാറ്റിയതെന്നും ലോകേഷ് പറയുന്നു.

‘ത്രിവര്‍ണ പതാകയോടുള്ള അപമാനം, അനുവദിക്കില്ല ഹിന്ദുസ്ഥാന്‍’ എന്ന മുദ്രാവാക്യവുമായാണ് ശിവസേന പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം ഷാരൂഖിന്റെ വീട്ടിലെത്തിയതും ഷാരൂഖിനെ പൊലീസ് വാഹനത്തിലേക്ക് കൊണ്ടു പോകുന്നത് ആഘോഷിച്ചതുമെല്ലാം. രാജ്യത്തെ അപമാനിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കുമെന്നാണ് ശിവസേന പറയുന്നത്. ഷാരൂഖ് വീടിന് വാതിലാക്കിയ പതാക ഇപ്പോള്‍ കോട്ട്വാലി പൊലീസ് സ്‌റ്റേഷനിലാണുള്ളത്.

സെപ്റ്റംബര്‍ 11 ന് ഷാരൂഖിന് ജാമ്യം ലഭിച്ചു. പിറ്റേദിവസം അദ്ദേഹത്തിന്റെ കുടുംബം അവിടെ നിന്നും താമസം മാറി. എന്നാല്‍ കേസില്‍ നിന്നും ഓടിയൊളിക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. ദേശീയ പതാകയെ അപമാനിച്ചതിന് മൂന്ന് വര്‍ഷത്തെ തടവും പിഴയും ഷാരൂഖ് അനുഭവിക്കേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook