ന്യൂഡൽഹി: വർഗീയത, ജാതീയത, അഴിമതി തുടങ്ങിയവയിൽനിന്നും രാജ്യത്തെ സ്വതന്ത്രമാക്കുമെന്നും 2022 ൽ പുതിയൊരു ഇന്ത്യയെ രൂപീകരിക്കുമെന്നും ജനങ്ങൾ പ്രതിജ്ഞ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75-ാം വാർഷികത്തിൽ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരമർപ്പിച്ച് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1942 ൽ മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത എല്ലാവരെയും മോദി അഭിവാദ്യം ചെയ്തു.

രാജ്യം ഒരുമിച്ചുനിന്നാൽ ഗാന്ധിജി കണ്ട സ്വപ്നങ്ങൾ പൂർത്തിയാക്കാം. ക്വിറ്റ് ഇന്ത്യ സമരം ഇന്ത്യയുടെ ‘ഓഗസ്റ്റ് വിപ്ലവം’ ആണ്. ഇത്രയും വലിയൊരു സമരം ബ്രിട്ടീഷുകാർ പ്രതീക്ഷിച്ചില്ല. ഓഗസ്റ്റ് വിപ്ലവം അന്തിമയുദ്ധം പോലെയായിരുന്നു. ഇതേത്തുടർന്നാണ് നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിലൂടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുളള കോളനിവാഴ്ചയ്ക്കു കൂടിയാണ് അവസാനമായതെന്നും മോദി പറഞ്ഞു.

ദാരിദ്ര്യം, വിദ്യാഭ്യാസത്തിന്റെ അഭാവം, പോഷകാഹാരക്കുറവ് തുടങ്ങിയവ രാജ്യത്തിന്റെ വലിയ വെല്ലുവിളികളാണ്. ഇതിൽനിന്നും ഒരു പോസ്റ്റീവ് മാറ്റം നമുക്കാവശ്യമാണ്. ഇവയ്ക്കെതിരെ ഒരുമിച്ച് പോരാടുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. നമ്മുടെ ഭരണസംവിധാനത്തെ ഉളളിൽനിന്നുതന്നെ അഴിമതി കാർന്നുതിന്നിരിക്കുകയാണ്. ഇത് അവസാനിപ്പിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും മോദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ