ന്യൂഡല്‍ഹി: കോർപറേറ്റ് നികുതി വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായാണിത്. ഇന്ത്യന്‍ കമ്പനികളുടെയും പുതിയ നിര്‍മാണ കമ്പനികളുടെയും കോർപറേറ്റ് നികുതി കുറച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു.
ആഭ്യന്തര കമ്പനികളുടെ കോർപറേറ്റ് നികുതി 22 ശതമാനമാക്കിയാണ് കുറച്ചത്. സര് ചാര്‍ജും സെസും ചേരുമ്പോള്‍ 25.17 ശതമാനമാകും. നേരത്തെ ഇത് 30 ശതമാനമായിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്തമാസം ഒന്നു മുതല്‍ തുടങ്ങുന്ന നിര്‍മാണ കമ്പനികള്‍ക്ക് 2023 മാര്‍ച്ച് 31 വരെ 15 ശതമാനം നികുതി അടച്ചാല്‍ മതി. സെസും സര് ചാര്‍ജും ചേരുമ്പോള്‍ നികുതി 17.01 ശതമാനമാകും. ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത കമ്പനികള്‍ക്കാണ് ആനുകൂല്യം.
Read Also: കേന്ദ്രമന്ത്രിക്കെതിരെ കയ്യേറ്റം: ഇടത് യൂണിയന് ഓഫീസില്‍ ബിജെപി അതിക്രമം
നികുതി കുറച്ചത് രാജ്യത്ത് സാമ്പത്തിക മുന്നേറ്റമുണ്ടാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി പുതിയ നിക്ഷേപങ്ങൾ ആരംഭിക്കാൻ ഇത് പ്രചോദനമാകും. നികുതി കുറച്ച നടപടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മിനിമം ഓൾട്ടർനേറ്റ് ടാക്സ് 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി കുറച്ചു. 2019 ജൂലൈ അഞ്ചിന് മുന്‍പ് ഷെയര്‍ ബൈബാക്ക് പ്രഖ്യാപനം നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികള്‍, തിരികെ വാങ്ങുന്ന ഓഹരികൾക്ക് നികുതി നല്‍കേണ്ടതില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
കോർപറേറ്റ് നികുതി കുറച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെ സെൻസെക്സ് കുതിച്ചുയർന്നു. സെൻസെക്സ് 1933 പോയിന്റ് ഉയർന്ന് 38,026.98 ലേക്ക് എത്തി. നിഫ്റ്റി 562 പോയിന്റ് ഉയർന്ന് 11,267.70 ലേക്ക് എത്തി.
Read Also: പീഡനക്കേസ്: ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ ധനമന്ത്രാലയം ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോർപ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കാനുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്ര സർക്കാർ നടപടി ധീരമായ കാര്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.