ന്യൂഡൽഹി: ലോകത്തെ കോവിഡ് -19 രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 185 രാജ്യങ്ങളിലായി 20,16,020 പേർക്ക്  ഇതുവരെ കോവിഡ് കണ്ടെത്തിയതായി യുഎസിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. 1,29,045 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 5,02, 389 പേർ രോഗവിമുക്തരായി.

യുഎസിലാണ് രോഗബാധിതർ ഏറ്റവും കൂടുതൽ, 610,774പേർ. മരണ സംഖ്യയും യുഎസിലാണ് ഏറ്റവും കൂടുതൽ, 26,211. സ്പെയിനാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമത്. 177,633 പേർക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു.  ഇറ്റലിയിൽ 162, 488 പേർക്കും ജർമനിയിൽ 132, 718 പേർക്കും ഫ്രാൻസിൽ 132, 365 പേർക്കും രോഗം സ്ഥിരീകരിച്ചു. ബ്രിട്ടണിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കകയാണ്. 99,445 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

Also Read: കോവിഡ്-19: ഹോട്ട് സ്പോട്ട്, നോൺ ഹോട്ട് സ്പോട്ട്, ഗ്രീൻ സോൺ; ജില്ലകളെ മൂന്നു സോണുകളായി തരം തിരിക്കും

ഡിസംബറിൽ ആദ്യ കോവിഡ് ബാധ കണ്ടെത്തിയ ചെെനയിൽ 83,356 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറാനിൽ 76, 389 പേർക്കും, തുർക്കിയിൽ 65,111 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ചെെനയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ രോഗമുക്തരായത്. 78,311 പേർക്ക് ചെെനയിൽ ഇതുവരെ കോവിഡ് ഭേദപ്പെട്ടു. ജർമനിയിൽ 72,600 പേരും സ്പെയിനിൽ 70,853 പേരും. യുഎസിൽ 50, 079 പേരും രോഗവിമുക്തരായി.

യുഎസ് കഴിഞ്ഞാൽ ഇറ്റലിയിലാണ് മരണസംഖ്യ കൂടുതൽ. 21,067 പേർ ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഫ്രാൻസിൽ 15, 729 പേരും, ബ്രിട്ടണിൽ 12,868 പേരും മരണപ്പെട്ടു. യുഎസിൽ രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച ന്യൂയോർക്ക് നഗരത്തിൽ മാത്രം 7,905 പേർ മരിച്ചു. ഇറാൻ (4777), ബെൽജിയം (4440), ജർമനി (3592), ചെെന (3342), നെതർലാൻഡ്സ്(3134), ബ്രസീൽ(1557), തുർക്കി(1403), സ്വിറ്റ്സർലൻഡ് (1226), സ്വീഡൻ (1203) എന്നീ രാജ്യങ്ങളിലും കോവിഡ് മരണ സംഖ്യ ആയിരം കടന്നിട്ടുണ്ട്.

ഇന്ത്യയിൽ  കോവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,555 ആയെന്ന് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. 377 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഒരു ദിവസത്തിനിടെ  24 കോവിഡ് ബാധിതർ രാജ്യത്ത് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചിരുന്നു.

മൂന്ന് ദിവസത്തിനിടെ രാജ്യത്ത് 3,000 ത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 12, 13, 14 ദിവസങ്ങളിലായി രാജ്യത്ത്  3,286 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുടെ 30 ശതമാനവും ഈ മൂന്ന് ദിവസത്തിനിടെയാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

ചൊവ്വാഴ്ച മാത്രം രാജ്യത്ത് സ്ഥിരീകരിച്ചത് 1463 പോസിറ്റീവ് കേസുകളാണ്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രിൽ 12 നു 918 പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നു. ഏപ്രിൽ 13 ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 905 പേരിലാണ്. ചൊവ്വാഴ്ച മാത്രം കോവിഡ് ബാധിച്ച് 29 പേർ മരിച്ചു.

കേരളത്തിൽ ബുധനാഴ്ച ഒരാൾക്ക് മാത്രമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലുള്ള വ്യക്തിക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Also Read: ആശ്വാസ വാർത്ത; കാലവർഷം ജൂൺ ഒന്നിനു തന്നെ

കേരളത്തിൽ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 387 പേർക്കാണ്. ഇതിൽ നിലവിൽ 167 പേരാണ് ചികിത്സയിലുള്ളത്. രണ്ട് പേർ നേരത്തെ മരണപ്പെട്ടിരുന്നു. 218 പേർക്ക് രോഗം ഭേദമായി. കേരളത്തിൽ കോവിഡ്-19 നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലും കുറഞ്ഞതായി സംസ്ഥാന സർക്കാർ അറിയിച്ചു.നിലവിൽ 97464 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 96942 പേർ വീടുകളിലും 522 പേർ ആശുപത്രികളിലുമാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 387 പേരിൽ 264 പേർ വിദേശത്ത് നിന്നെത്തിയവരാണ്. എട്ട് വിദേശികൾക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 116 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook