ന്യഡൽഹി: ലോകത്താകെ കോവിഡ് -19 രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതുവരെ 101,526 പേർ കോവിഡ് ബാധിച്ച് മരിച്ചതായാണ് യുഎസിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ. 1,673,423 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 368,669 പേർ രോഗ വിമുക്തരായി.
യുഎസിലാണ് രോഗബാധിതർ ഏറ്റവും കൂടുതൽ. 475,749 പേർക്കാണ് യുഎസിൽ കോവിഡ് സ്ഥിരീകരിച്ചത്. സ്പെയിനിൽ 157,022 പേർക്കും ഇറ്റലിയിൽ 157, 626 പേർക്കും രോഗം സ്ഥിരീകരിച്ചു. ജർമനിയിൽ 119401 പേർക്കും ഫ്രാൻസിൽ 118790 പേർക്കും രോഗം സ്ഥിരീകരിച്ചു. 2019 ഡിസംബറിൽ ചൈനയിലാണ് ആദ്യ കോവിഡ് ബാധ കണ്ടെത്തിയത്. 89,981 പേർക്കാണ് ചൈനയിൽ കോവിഡ് പിടിപെട്ടത്. ഇതിൽ 77,791 പേർ രോഗമുക്തി നേടി. ബ്രിട്ടണിൽ 71,078 പേർക്കും ഇറാനിൽ 68,192 പേർക്കും കോവിഡ് ബാധിച്ചു.
Read Also:കോവിഡ്-19: ഭേദമായാലും വീണ്ടും ബാധിക്കുമോ, ദക്ഷിണ കൊറിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നതെന്ത്
ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചത്. 18279 പേർ ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരിച്ചു. സ്പെയിനിൽ 15843 പേരും ഫ്രാൻസിൽ 12210 പേരും ബ്രിട്ടണിൽ 8958 പേരും ഇറാനിൽ 4232 പേരും കോവിഡ് ബാധിച്ച് മരിച്ചു. യുഎസിൽ ന്യൂയോർക്ക് നഗരത്തിൽ മാത്രം 5150 പേർ മരിച്ചു. ചെെനയിൽ ആദ്യ കോവിഡ് ബാധ കണ്ടെത്തിയ വുഹാൻ നഗരം ഉൾപ്പെടുന്ന ഹുബെയ് പ്രവിശ്യയിൽ 3216 പേർ രോഗം ബാധിച്ച് മരിച്ചിരുന്നു. ബെൽജിയം, ജർമനി, നെതർലാൻഡ്സ്, തുർക്കി, സ്വിഫ്ഫ്സർലാൻഡ് എന്നീ രാജ്യങ്ങളിലും കോവിഡ് മരണം 1000 കടന്നിട്ടുണ്ട്.
206 പേരാണ് ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് 33 കോവിഡ് ബാധിതർ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 896 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6761 ആയി ഉയർന്നു. ഡൽഹിയിൽ മാത്രം ഇന്ന് 183 പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 903 ആയി ഉയർന്നു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. 1308 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.ഗുജറാത്തിൽ 24 മണിക്കൂറിനിടെ 116 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 378ആയി വർധിച്ചു.
Read Also: ലോക്ക്ഡൗണില്‍ കുടുങ്ങിയ മകനെ കൊണ്ടുവരാന്‍ 1400 കിലോമീറ്റര്‍ സ്കൂട്ടറോടിച്ച ഒരമ്മ
കേരളത്തില്‍ ഏഴു പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിൽ മൂന്നു പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലകളിൽ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര് വീടുകളിലും 730 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 364 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് പേര് മുമ്പ് മരണമടഞ്ഞിരുന്നു.