മുംബൈ: കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലെ നായർ ഹോസ്പിറ്റലിൽവച്ചാണ് 29 കാരി ആത്മഹത്യ ചെയ്തത്. 25-ാം വാർഡിലായിരുന്നു യുവതിയെ അഡ്മിറ്റ് ചെയ്തിരുന്നത്. 3.45 ഓടെ ശുചിമുറിയിലേക്ക് പോയ യുവതി ഷോൾ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വൊർലി സ്വദേശിയായ യുവതിക്ക് ആസ്മ ഉണ്ടായിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ”തിങ്കളാഴ്ചയാണ് യുവതിയെ നായർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് കോവിഡ് പരിശോധന ഫലം പോസിറ്റീവായത്,” അഗ്രിപഥ പൊലീസ് സ്റ്റേഷനിലെ ഓഫീസർ പറഞ്ഞു.
Read Also: ലോക്ക്ഡൗൺ മാർഗ നിർദേശം: അനുവദിച്ചതും അനുവാദമില്ലാത്തതും എന്തൊക്കെ?
യുവതിക്ക് വിഷാദരോഗമുണ്ടായിരുന്നതായി സംശയിക്കുന്നുവെന്ന് ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. അപകട മരണത്തിന് അഗ്രിപഥ പൊലീസ് കേസെടുത്തിട്ടുണ്ട്.
രാജ്യത്തെ കോവിഡ് മരണങ്ങളിൽ 60 ശതമാനവും നാലു നഗരങ്ങളിലാണ്. അതിലൊന്ന് മുംബൈയാണ്. 382 മരണങ്ങളിൽ 232 മരണവും മുംബൈ, പൂനെ, ഇൻഡോർ, ഡൽഹി എന്നീ നഗരങ്ങളിലായിട്ടാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുളളത്, 2,801. ഇതുവരെ 160 പേരാണ് മരിച്ചത്. 229 പേർ രോഗമുക്തി നേടി.
Read in English: Coronavirus: Woman tests positive, allegedly hangs self at Mumbai hospital