രാജ്യത്തുടനീളം കോവിഡ് -19 കേസുകൾ വർദ്ധിച്ചുവരുന്നതിനിടെ ഏപ്രിൽ 1 മുതൽ സർക്കാർ മൂന്നാം ഘട്ട വാക്സിനേഷൻ യജ്ഞം ആരംഭിക്കുകയാണ് ആരംഭിക്കും. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സ്ഥിതി മോശമായ അവസ്ഥയിൽ നിന്ന് കൂടുതൽ മോശമായ അവസ്ഥയിലേക്ക് പോവുകയാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രോഗം കുതിച്ചുയരുന്ന ജില്ലകളിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകണമെന്നാണ് എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രം നിർദേശം നൽകിയത്.
ഏപ്രിൽ 1 മുതൽ വാക്സിനേഷൻ ലഭിക്കാൻ അർഹരായവർ ആരാണ്?
45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ 1 മുതൽ വാക്സിൻ ലഭിക്കാൻ അർഹതയുണ്ട്.
ജനുവരിയിലാണ് രാജ്യത്ത് വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പ്രവർത്തകർക്കുമാണ് ആദ്യം കുത്തിവയ്പ് നൽകിയത്. മുതിർന്ന പൗരന്മാർക്കും (60 വയസ്സിന് മുകളിലുള്ളവർ) 45 വയസോ അതിൽ കൂടുതലോ പ്രായമുള്ള മറ്റു രോഗങ്ങളുള്ളവർക്കുമാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകിയത്.
കോവിഡ് -19 വാക്സിനേഷനായി എങ്ങനെ രജിസ്റ്റർ ചെയ്യാം?
Http: //www.cowin.gov.in എന്ന ലിങ്ക് ഉപയോഗിച്ച് സർക്കാറിന്റെ കോ-വിൻ പോർട്ടൽ വഴി ഒരാൾക്ക് കോവിഡ് -19 വാക്സിനേഷനായി സ്വയം രജിസ്റ്റർ ചെയ്യാം. ആരോഗ്യസേതു ആപ്പ് വഴിയും വാക്സിനേഷന് രജിസ്റ്റർ ചെയ്യാം.
Read More: ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വകഭേദം ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ തകർക്കുമോ?
ആരോഗ്യ മന്ത്രാലയ ചട്ടപ്രകാരം, ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് 4 പേർക്ക് വരെ വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണോ?
ഇല്ല. ഓൺലൈൻ രജിസ്ട്രേഷന് പുറമെ, ഓൺ-സ്പോട്ട് രജിസ്ട്രേഷനായി അടുത്തുള്ള ഏതെങ്കിലും വാക്സിനേഷൻ കേന്ദ്രങ്ങളും സന്ദർശിക്കാം.
വാക്സിൻ സൗജന്യമാണോ?
നിലവിൽ സർക്കാർ ആശുപത്രികളിലും സർക്കാർ ക്ലിനിക്കുകളിലും വാക്സിനേഷൻ സൗജന്യമാണ്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ കുത്തിവയ്പ്പ് നടത്തുന്നതിന് ഒരു ഡോസിന് 250 രൂപ വരെ ചിലവ് വരും.
വാക്സിന് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ?
ചില ആളുകൾക്ക് വാക്സിനേഷൻ ലഭിച്ച ശേഷം ക്ഷീണം, പനി, ഛർദ്ദി, ഓക്കാനം, സന്ധി വേദന തുടങ്ങിയ പാർശ്വഫലങ്ങൾ അനുഭവപ്പെടാം. ഈ പാർശ്വഫലങ്ങൾ സാധാരണമാണ്, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കുറയാൻ സാധ്യതയുണ്ട്.
ഏതെല്ലാം കോവിഡ് -19 വാക്സിനുകൾ
രണ്ട് വാക്സിനുകൾക്ക് ഇന്ത്യയിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. കോവിഷീൽഡ് (ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയുടെ വാക്സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്നു), കോവാക്സിൻ (ഭാരത് ബയോടെക് ലിമിറ്റഡ് നിർമ്മിക്കുന്നത്) എന്നിവയാണ് ഈ വാക്സിനുകൾ.
നിലവിൽ, രണ്ട് വാക്സിനുകളിൽ ഏത് വേണമെന്ന് ഗുണഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കഴിയില്ല.
വാക്സിനേഷന് ആവശ്യമുള്ള രേഖകൾ
ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആരോഗ്യ ഇൻഷുറൻസ്, തൊഴിൽ മന്ത്രാലയം നൽകിയ സ്മാർട്ട് കാർഡ്, എംഎൻആർജിഎ ഗ്യാരണ്ടി കാർഡ്, എംഎൻആർജിഎ ജോബ് കാർഡ്, എംപിമാരോ എംഎൽഎമാരോ പുറപ്പെടുവിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, പാസ്പോർട്ട്, പെൻഷൻ രേഖകൾ, കേന്ദ്ര / സംസ്ഥാന സർക്കാർ അല്ലെങ്കിൽ പബ്ലിക് ലിമിറ്റഡ് കമ്പനികൾ ജീവനക്കാർക്ക് നൽകിയ സേവന തിരിച്ചറിയൽ കാർഡ്, വോട്ടർ ഐഡി കാർഡുകൾ എന്നിവ രജിസ്ട്രേഷനായി ഉപയോഗിക്കാം.
ഒരു വ്യക്തിക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുമോ?
അതെ, ആദ്യ ഡോസിന് ശേഷം ഒരു താൽക്കാലിക സർട്ടിഫിക്കറ്റ് നൽകും. രണ്ടാമത്തെ ഡോസ് പൂർത്തിയാകുമ്പോൾ, വാക്സിനേഷന്റെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിന് ഗുണഭോക്താവിന് ഒരു ലിങ്ക് ലഭിക്കും.
ഈ സർട്ടിഫിക്കറ്റ് ഡിജി-ലോക്കറിലും സംരക്ഷിക്കാൻ കഴിയും.
കോവിഡ് -19 രോഗികൾക്ക് വാക്സിനേഷൻ ലഭിക്കുമോ?
കോവിഡ് സ്ഥിരീകരിച്ചതോ രോഗമുള്ളതായി സംശയിക്കപ്പെടുന്നതോ ആയവർ രോഗലക്ഷണങ്ങൾ കാണിച്ച് 14 ദിവസം കഴിയുന്നത് വരെ വാക്സിനേഷനെടുക്കുന്നത് മാറ്റിവയ്ക്കണമെന്ന് സർക്കാർ വ്യക്തമാക്കി.
പ്രതിരോധ കുത്തിവയ്പ്പ് സ്ഥലത്ത് കോവിഡ് -19 അണുബാധ പടരാതിരിക്കാനാണ് ഇത് ചെയ്യുന്നത്.
Read More: കോവിഡ് വാക്സിനേഷനു ശേഷം മദ്യപിക്കാമോ? ആ സംശയത്തിന് ഉത്തരം ഇതാ
ഇതുവരെയുള്ള വാക്സിനേഷൻ യജ്ഞം
ആരോഗ്യ മന്ത്രാലയം നൽകിയ ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തൊട്ടാകെ 10,46,757 സെഷനുകളിലൂടെ 6.30 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകി. 82,16,239 ആരോഗ്യ പ്രവർത്തകർക്ക് ആദ്യ ഡോസ് ലഭിച്ചു. ഇതിൽ 52,19,525 ആരോഗ്യപ്രവർത്തകർക്ക് രണ്ടാം ഡോസും ലഭിച്ചു.
90,48,417 മുൻനിര തൊഴിലാളികൾക്ക് ആദ്യ ഡോസ് ലഭിച്ചു. ഇതിൽ 37,90,467 പേർക്ക് രണ്ടാം ഡോസും ലഭിച്ചു. 45 വയസ്സിനു മുകളിലുള്ള മറ്റു രോഗബാധകളുള്ള 73,52,957 പേർക്ക് ഒന്നാം ഡോസും 6,824 പേർക്ക് രണ്ടാം ഡോസും ലഭിച്ചു. 60 വയസ്സിനു മുകളിൽ പ്രായമുള്ള 2,93,71,422 പേർക്ക് ആദ്യ ഡോസും 48,502 പേർക്ക് രണ്ടാം ഡോസും ലഭിച്ചു.
കോവിഡ് -19 വാക്സിനു മുമ്പോ ശേഷമോ ഒരാൾക്ക് വേദനസംഹാരികൾ കഴിക്കാമോ?
രോഗലക്ഷണങ്ങൾ തടയാൻ ശ്രമിക്കുന്നതിന് മുമ്പ് അവ എടുക്കരുത്, പക്ഷേ നിങ്ങളുടെ ഡോക്ടർ സമ്മതിക്കുന്നുവെങ്കിൽ, ആവശ്യമെങ്കിൽ അവ ഉപയോഗിക്കാം.
വേദനസംഹാരികളെക്കുറിച്ചുള്ള ആശങ്ക, ഒരു വാക്സിൻ പ്രചോദിപ്പിക്കാൻ ലക്ഷ്യമിടുന്ന രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണത്തെ അവർ തടഞ്ഞേക്കാം എന്നതാണ്. ശരീരത്തിന് ഒരു വൈറസ് ഉണ്ടെന്ന് ധരിപ്പിച്ച് അതിനെ കബളിപ്പിച്ചുകൊണ്ട് വാക്സിനുകൾ പ്രവർത്തിക്കുന്നു. അത് താൽക്കാലിക കൈ വേദന, പനി, പേശിവേദന അല്ലെങ്കിൽ വീക്കം മറ്റ് ലക്ഷണങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം – വാക്സിൻ അതിന്റെ ജോലി ചെയ്യുന്നുവെന്നതിന്റെ സൂചനകളാണ് അവ.