ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ കൊറോണവൈറസിന്റെ അളവ് കുറയ്ക്കുന്ന റെംഡിസിവിറിന്റേയും ഫാവിപിരാവിറിന്റേയും ജനറിക് മരുന്നുകള്‍ കോവിഡ്-19 ചികിത്സയ്ക്കായി വിപണിയില്‍ എത്തിക്കുന്നുണ്ടെങ്കിലും രോഗത്തിനുള്ള യഥാര്‍ത്ഥ മരുന്ന് ഇനിയും അകലെയാണ്. എങ്കിലും കോവിഡ്-19 വാക്സിന് ഒക്ടോബറോടു കൂടി വിപണിയില്‍ എത്തിക്കാമെന്ന പ്രതീക്ഷയാണ് ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഉന്നത ശാസ്ത്രജ്ഞന് പങ്കുവയ്ക്കുന്നത്.
സര്‍വകലാശാലയെ കൂടാതെ ചൈനയുടെ നാഷണല്‍ ബയോടെക് ഗ്രൂപ്പും യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു.
ലോകമെമ്പാടും കോവിഡ് കേസുകളുടെ എണ്ണം 4,81,000 മരണമടക്കം 9.39 മില്ല്യണ്‍ ആയിട്ടുണ്ട്. ഓരോ ആഴ്ച കഴിയുമ്പോഴും വാക്സിന് പരീക്ഷണത്തിന്റെ വേഗതയും വര്‍ദ്ധിക്കുന്നു. അത് കൂടാതെ, യുഎസില്‍ കോവിഡ്-19 വീണ്ടും വരുന്നതിന് സാക്ഷ്യം വഹിക്കുകയാണ്. അമേരിക്കയില്‍ കഴിഞ്ഞ ദിവസം 34,700 പൂതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടെയില്‍ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല പറയുന്നു.
ഓക്സ്ഫഡ് സര്‍വകലാശാല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനേകയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന മരുന്ന് ഒക്ടോബറില്‍ പുറത്തുവിടാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ശാസ്ത്രജ്ഞര്‍ പുലര്‍ത്തുന്നത്.
Read Also: വാരിയൻകുന്നത്ത്, രഹനാ ഫാത്തിമ എന്നിവരെ ആർക്കാണു പേടി?
ഓഗസ്റ്റിലും സെപ്തംബറിലും ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ പലം ലഭ്യമാകുമെന്നും മരുന്ന് ഒക്ടോബറില്‍ പുറത്ത് വിടാന്‍ കഴിയുമെന്നാണ് പ്രൊഫസര്‍ അഡ്രിയന്‍ ഹില്‍ പറയുന്നത്.
ചിമ്പാന്സികളില് നടത്തിയ പരീക്ഷണത്തില്‍ വാക്സിന് മികച്ച ഫലമാണ് നല്‍കിയതെന്നും അടുത്ത ഘട്ടമായ മനുഷ്യനിലെ പരീക്ഷണത്തിലേക്ക് കടന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സര്‍വകലാശാലയുടെ വാക്സിന് ഒരു ഡോസ് കൊടുക്കുന്നതിനേക്കാള്‍ രണ്ട് ഡോസുകള്‍ കൊടുത്തപ്പോള്‍ കൂടുതല്‍ ആന്റിബോഡി പ്രതികരണം ഉണ്ടായിയെന്ന് ബ്രിട്ടനിലെ പിര്‍ബ്രൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. പന്നികളിലാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷണം നടത്തിയത്.
അതേസമയം, സോവെറ്റോയിലെ ഒരു ദക്ഷിണ ആഫ്രിക്കന്‍ സ്വദേശി ഓക്സ്ഫഡ് വാക്സിന് കുത്തിവയ്പ്പെടുത്ത ആദ്യ മനുഷ്യനായി. അന്താരാഷ്ട്ര പഠനങ്ങളുടെ ഭാഗമായി പരീക്ഷണത്തിന് തയ്യാറായ 2000 ദക്ഷിണ ആഫ്രിക്കന്കാരില് ഒരാളായ എംലോങോ (24) ആണ് കുത്തിവയ്പ്പെടുത്തത്.
ബ്രസീലില്‍ നിന്ന് 5000 പേരും യുകെയില്‍ നിന്നും 4000 പേരും പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ നിന്നും 30,000 പേര് തയ്യാറാകുമെന്നാണ് കരുതുന്നത്. ഓക്സഫഡ് വാക്സിന് ആഭ്യന്തരമായി നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ താമസിയാതെ ഒപ്പിടുമെന്ന് ബ്രസീലിന്റെ ആരോഗ്യമന്ത്രി എഡ്യൂര്‍ഡോ പാസ്വല്ലോ പറഞ്ഞു.
അതേസമയം, പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലെത്തിയ ആദ്യ ചൈനീസ് സ്ഥാപനമായി ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ്. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സൈനോഫാമിന്റെ ഘടകമാണ് നാഷണല്‍ ബയോടെക്.
ഈ കമ്പനിയുടെ രണ്ട് വാക്സിനുകള്‍ ചൈനയിലെ 2000 പേരില്‍ പരീക്ഷിച്ചിരുന്നു. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഈ മരുന്ന് സുരക്ഷിതമാണെന്നും കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
Read Also: അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം; തന്ത്രപ്രധാനമായ ദെപ്സാങ് കയ്യേറി
ലണ്ടനിലെ ഇംപീരിയല്‍ കോളെജും മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം സുരക്ഷിതമായിരുന്നുവെന്നും ഫലപ്രദമായ രോഗപ്രതിരോധമുണ്ടായെന്നും അധികൃതര്‍ പറയുന്നു. ജൂണ്‍ 24-ന് ഈ വാക്സിന് ആരോഗ്യമുള്ള 15 വോളന്റിയര്‍മാരില്‍ പരീക്ഷിച്ചിരുന്നു. വരും ആഴ്ചകളില്‍ 300 പേരില്‍ കൂടി വാക്സിന് കുത്തിവയ്ക്കും.
അതേസമയം, വാക്സിന് മൂക്കില്‍ സ്പ്രേ ചെയ്യുകയോ ഇന്‍ഹെയ്ലര്‍ ആയി ഉപയോഗിക്കുകയോ ചെയ്താല്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയും ഇംപീരിയല്‍ കോളെജും പറഞ്ഞതായി ദി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്വാസകോശ നാളത്തെ കൊറോണവൈറസ് ആക്രമിക്കുന്നത് കൊണ്ടാണ് നേരിട്ട് ശ്വാസകോശത്തിലേക്ക് വാക്സിന് എത്തിക്കുന്നത് കൂടുതല്‍ ഫലപ്രദമാകുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇത് പ്രായമേറിയ രോഗികളുടെ ജീവന് രക്ഷിക്കാന്‍ സഹായിക്കുമെന്ന് അവര്‍ പറയുന്നു.