നോയിഡ: കോവിഡ്-19 പരിശോധന ഫലം നെഗറ്റീവ് ആയതിന് ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി പോയവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം ഘട്ട പരിശോധന ഫലത്തിൽ ഇരുവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് വീണ്ടും അഡ്മിറ്റ് ചെയ്തത്. ഡൽഹിക്ക് സമീപം നോയിഡയിലെ ആശുപത്രിയിലാണ് സംഭവം നടന്നത്.
നോയിഡയിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ജിംസ്) ഉണ്ടായിരുന്ന രണ്ട് രോഗികളിൽ 24 മണിക്കൂറിനുള്ളിൽ നടത്തിയ രണ്ടു പരിശോധനകളുടേയും ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു. വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് മറ്റൊരു സാംപിൾ പരിശോധനയ്ക്കായി എടുത്തിരുന്നു. ഈ സാംപിളുകൾ പോസിറ്റീവ് ആകുകയായിരുന്നു. ഡോക്ടർമാർ പരിശോധിച്ചതിന് ശേഷം വിശദമായ റിപ്പോർട്ട് കേന്ദ്രത്തിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.
Read More: കോവിഡ്-19 നിയന്ത്രണം: ദേശീയ നിരക്കുകളെ കേരളം മറികടന്നവിധം
നോയിഡയുടെ ഭാഗമായ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഞ്ച് മരണങ്ങളടക്കം 483 കൊറോണ വൈറസ് കേസുകളാണ് ഉത്തർപ്രദേശിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.
കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗൗതം ബുദ്ധ നഗറിലും ഉത്തർപ്രദേശിന്റെ മറ്റ് ഭാഗങ്ങളും ഏപ്രിൽ 15 വരെ സീൽ ചെയ്തിരിക്കുകയാണ്. കൊറോണ വൈറസ് കേസുകൾ കുത്തനെ ഉയർന്നതിന് ശേഷം ഗൗതം ബുദ്ധ നഗറിൽ ഈ മാസം അവസാനം വരെ വലിയ സമ്മേളനങ്ങൾ നിരോധിച്ചിരുന്നു.
അതേസമയം, ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം തിങ്കളാഴ്ച 9,000 കടന്ന് 9,152 ആയി. ഇതിൽ 7987 ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 856 പേർ രോഗമുക്തി നേടി. 308 പേർ രോഗം ബാധിച്ച് മരിച്ചു. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച 21 ദിന സമ്പൂർണ ലോക്ക്ഡൗണ്‍ നാളെ അർധരാത്രിയോടെ അവസാനിക്കും. എന്നാൽ രണ്ടാഴ്ചത്തേക്കു കൂടി ലോക്ക്ഡൗണ്‍ നീട്ടാനാണ് സർക്കാരിന്റെ തീരുമാനം.