Latest News

കോവിഡ്-19: വാക്‌സിന്‍ പരീക്ഷണം മനുഷ്യനില്‍ ആരംഭിച്ചതായി യുഎസ്

കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 7164 ആയി ഉയര്‍ന്നു

corona virus, covid 19, corona vaccine, iemalayalam

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് 19 പ്രതിരോധത്തിനുള്ള വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചതായി യുഎസ്. യുഎസിലെ സിയാറ്റിലിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്വയം സന്നദ്ധരായ 45 പേരിലാണ് ആറാഴ്ച പരീക്ഷണം. ഇവര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരാണെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്(എന്‍ഐഎച്ച്) അറിയിച്ചു .

റിസര്‍ച്ച് ഇന്‍സ്റ്റിറ്റ‌്യൂട്ടില്‍ ക്ലിനിക്കല്‍ ട്രയലില്‍ ആദ്യ ഡോസ് വോളണ്ടിയര്‍മാര്‍ക്കു നല്‍കും. ഇതു പരീക്ഷണം മാത്രമാണ്. കൂടുതല്‍ പരീക്ഷണഘട്ടത്തിലൂടെ ഇവ ഫലവത്തും സുരക്ഷിതവുമാണെന്ന് തെളിയണം. ഇതിനുശേഷം വാക്‌സിന്‍ വികസിപ്പിക്കാന്‍ ഒന്നുമുതല്‍ ഒന്നരവര്‍ഷം വരെ എടുക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് ആദ്യത്തെയാളില്‍ വാക്‌സിന്‍ പ്രയോഗിച്ചതെന്നും പരീക്ഷണം ആറാഴ്ചയോളം നീളുമെന്നും യുഎസ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ‌്യൂട്ട് ഓഫ് ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു.

മോഡേണയുടെ mRNA-1273 vaccine വാക്‌സിൻ കേന്ദ്രീകരിച്ചുള്ള ഒരു ക്ലിനിക്കൽ ട്രയലിന്റെ ആദ്യ ഘട്ട പരീക്ഷണം ഇന്ന് ആരംഭിച്ചു. വാക്സിൻ മനുഷ്യർക്ക് സുരക്ഷിതമാണെന്നും ഇത് പ്രതീക്ഷിക്കുന്ന രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുമെന്നും ഉറപ്പാക്കുകയാണ് ഒന്നാം ഘട്ടത്തിന്റെ ലക്ഷ്യം. അണുബാധയേൽക്കാനുള്ള സാധ്യതയില്ല.

Read More: കോവിഡ് 19: യൂറോപ്പിൽ നിന്നും യുകെയിൽ നിന്നുമുള്ള വിമാനങ്ങൾക്ക് കർശന വിലക്കുമായി കേന്ദ്രം

ചരിത്രത്തിലും ഏറ്റവും വേഗമേറിയ വാക്‌സിന്‍ പരീക്ഷണമാണിതെന്നും എത്രയും വേഗം ഇതിന്റെ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയിൽ ഇതുവരെ 73 പേരാണ് മരിച്ചത്.

അമേരിക്കയില്‍ മാത്രമല്ല ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ലാബുകളിലും വാക്‌സിന്‍ വികസനത്തിനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടെ വാക്‌സിന്റെ കുത്തകാവകാശം നേടാന്‍ അമേരിക്ക നീക്കം ആരംഭിച്ചതായി ആരോപണം ഉയര്‍ന്നുണ്ട്.

കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 7164 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ മരണം ചൈനയിലാണ്, 3226 പേര്‍. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് ശേഷം കൊറോണ വ്യാപകമായി പടര്‍ന്ന ഇറ്റലിയില്‍ 2158 പേരും മരണപ്പെട്ടു. 162 രാജ്യങ്ങളിലായി 182,550 ആളുകള്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.

അതേസമയം കൊറോണ വൈറസ് കേസുകളുടെ (കോവിഡ് -19) വ്യാപനം പരിശോധിക്കുന്നതിനായി കർശന യാത്രാ നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, തുർക്കി, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും രാജ്യത്ത് വിലക്ക് ഏർപ്പെടുത്തി. ഖത്തർ, യുഎഇ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിർബന്ധമായും ക്വാറന്റൈൻ ചെയ്യും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus us volunteers test first vaccine

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com