കോവിഡ് മഹാമാരി അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അനുമാനിക്കുന്നത് അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന. വലിയ തോതിൽ പകരുന്ന ഒമിക്രോണാണ് അവസാനമായി ഉയർന്നുവരുന്ന വകഭേദമെന്നും, ലോകം മഹാമാരിയുടെ ‘അവസാന ഭാഗത്ത്’ ആണെന്നും കരുതുന്നത് അപകടകരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) തലവൻ തെദ്രോസ് അദാനോം ഗെബ്രിയേസസ് തിങ്കളാഴ്ച പറഞ്ഞു.
എന്നിരുന്നാലും, പരിശോധനയും വാക്സിനുകളും പോലുള്ള മാർഗങ്ങളും ഉപകരണങ്ങളും സമഗ്രമായ രീതിയിൽ ഉപയോഗിച്ചാൽ, കോവിഡ് -19 ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി മാറുന്ന ഘട്ടത്തിൽ നിന്ന് പുറത്തുകടക്കാൻ ഈ വർഷം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പത് ആഴ്ചയ്ക്ക് മുമ്പ് ഒമിക്റോണിനെ ആദ്യമായി തിരിച്ചറിഞ്ഞതിന് ശേഷം. 80 ദശലക്ഷത്തിലധികം കേസുകൾ യുഎൻ ഏജൻസിക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇത് 2020-ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതലാണ്. “കൂടുതൽ വകഭേദങ്ങൾ ഉയർന്നുവരുന്നതിന് അനുയോജ്യമാണ് സാഹചര്യങ്ങൾ,” അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 3,06,064 പുതിയ കോവിഡ് -19 കേസുകളും 439 അനുബന്ധ മരണങ്ങളും രേഖപ്പെടുത്തി. പ്രതിദിന കേസുകൾ ഞായറാഴ്ചയേക്കാൾ (3.33 ലക്ഷത്തിലധികം കേസുകൾ) കുറഞ്ഞപ്പോൾ, പോസിറ്റീവിറ്റി നിരക്ക് 20.75 ശതമാനമായി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, നിലവിൽ 22,49,335 ആണ് ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം.