ന്യൂഡൽഹി: അൺലോക്ക് രണ്ടാംഘട്ടത്തിന്റെ മാർഗ്ഗ നിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ജൂലൈ ഒന്നു മുതൽ തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ രാത്രി കർഫ്യൂവിൽ ഇളവുണ്ട്. കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾക്കും ട്രെയിൻ സർവീസുകൾക്കും അനുമതിയുണ്ട്.
അതേസമയം, സ്കൂളുകളും കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ 31 വരെ തുറക്കില്ല. ജൂലൈയിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. അതേസമയം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരിശീലന കേന്ദ്രങ്ങൾക്ക് ജൂലൈ 15 മുതൽ പ്രവർത്തിച്ചു തുടങ്ങാം.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പുറപ്പെടുവിച്ച ഉത്തരവിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ അനുവദിക്കുമെന്ന് അറിയിച്ചു. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂലൈ 31 വരെ ലോക്ക്ഡൗൺ നീട്ടി. സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അനുമതി നൽകിയിട്ടുണ്ട്.
വ്യക്തികളുടെ അന്തർ-സംസ്ഥാന യാത്രയ്ക്കും ചരക്കു നീക്കത്തിനും യാതൊരു നിയന്ത്രണവുമില്ല. അത്തരം യാത്രകൾക്ക് പ്രത്യേക അനുമതിയുടെയോ അംഗീകാരത്തിന്റെയോ ഇ-പെർമിറ്റിന്റെയോ ആവശ്യമില്ലെന്ന് മാർഗ്ഗ നിർദേശത്തിലുണ്ട്.
Read Also: ഇന്ത്യയുടെ കോവിഡ് വാക്സിൻ അടുത്ത ഘട്ടത്തിലേക്ക്; കോവാക്സിൻ മനുഷ്യരിൽ പരീക്ഷിയ്ക്കാൻ അനുമതി
വന്ദേ ഭാരത് മിഷന്റെ ഭാഗമായി പരിമിതമായ രീതിയിൽ രാജ്യാന്തര വിമാന യാത്രയ്ക്ക് അനുമതിയുണ്ട്. രാത്രി കർഫ്യൂ ഇനി 10 മുതൽ പുലർച്ചെ 5 വരെയായിരിക്കും. നേരത്തെ 9 മുതൽ 5 വരെയായിരുന്നു.
വലുപ്പം, ശാരീരിക അകലം ഉറപ്പാക്കാനുള്ള കഴിവ് എന്നിവ അനുസരിച്ച്, കടകളിൽ ഒരു സമയം അഞ്ചിൽ കൂടുതൽ ആളുകളാവാം. മെട്രോ സർവീസുകൾ തുടങ്ങാൻ അനുമതി നൽകിയിട്ടില്ല. സിനിമാ തിയേറ്ററുകൾ, ജിം, സ്വിമ്മിങ് പൂൾ, ബാർ, ഓഡിറ്റോറിയം, പാർക്കുകൾ എന്നിവയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടഞ്ഞു കിടക്കും.
Read in English: Unlock 2: More flights, trains, but no schools and colleges till July 31