കീവ്: കൊറോണ വൈറസ് ബാധിച്ച ചൈനയിൽ നിന്നും ആളുകളെ ഒഴിപ്പിച്ച് കൊണ്ടുവന്ന ബസുകൾക്കു നേരെ ഉക്രേനിയൻ പട്ടണത്തിലെ ഒരു ഡസനിലധികം വരുന്ന പ്രക്ഷോഭകർ ആക്രമണം നടത്തി. ചൈനയിൽ നിന്നും ഒഴിപ്പിച്ചവരെ സെൻട്രൽ പോൾട്ടാവ മേഖലയിലെ നോവി സൻഹാരിയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 14 ദിവസം ഇവരെ നിരീക്ഷിക്കും.

ചൈനയിൽ നിന്നും ഒഴിപ്പിച്ചവരെ കൊണ്ടുവന്നാൽ പതിനായിരത്തോളം ജനസംഖ്യയുള്ള പട്ടണത്തിൽ കൊറോണ വൈറസ് പടരുമെന്ന ഭീതിയാണ് ആക്രമണത്തിന് പിന്നിൽ. എന്നാൽ നാമെല്ലാവരും മനുഷ്യരാണെന്ന് ഓർക്കണമെന്നും ചൈനയിൽ നിന്ന് എത്തിയവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ഉക്രൈൻ പ്രസിഡന്റ് വ്ലോഡമേർ സെലൻസ്കി ജനങ്ങളോട് അഭ്യർഥിച്ചു.

Read More: അവിനാശി വാഹനാപകടം; ഡ്രൈവർക്കെതിരെ കേസെടുത്തു

വ്യാഴാഴ്ച 45 ഉക്രേനിയക്കാരെയും 27 വിദേശ പൗരന്മാരെയും ചൈനയിലെ കിഴക്കൻ ഉക്രെയ്നിലെ ഖാർകിവിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആറ് ബസുകളിലായാണ് അവരെ നോവി സൻഹാരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ വച്ചാണ് പ്രതിഷേധക്കാർ ആക്രണമഴിച്ചുവിടുകയും കല്ലെറിയുകയും ചെയ്തത്. ചൈനയിൽ നിന്നെത്തിയ ആർക്കും വൈറസ് ബാധയില്ലെന്ന് രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം കൊറോണ വൈറസ് ബാധിച്ച് വ്യാഴാഴ്ച രാവിലെവരെ മരണം 2118 ആയി. ചൈനയിൽ കഴിഞ്ഞദിവസം 114 മരണംകൂടി റിപ്പോർട്ടുചെയ്തു. ഇറാനിലും ജപ്പാനിലും രണ്ടുപേർ വീതവും ദക്ഷിണകൊറിയയിലും ഹോങ്‌ കോങ്ങിലും ഓരോരുത്തരും മരിച്ചു.

പശ്ചിമേഷ്യയിൽ വൈറസ് ബാധിച്ചുള്ള ആദ്യമരണമാണ് ഇറാനിലേത്. ഇറാനിൽ അഞ്ചുപേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. ലോകത്ത് ഒട്ടാകെ 74,576 പേർക്കാണ് ഇപ്പോൾ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

കൊറോണ ബാധയിൽ രണ്ട് പേർ ഇറാനിൽ മരിച്ച പശ്ചാത്തലത്തിൽ അതിർത്തി രാജ്യങ്ങൾ ജാഗ്രത ശക്തമാക്കി. കുവൈത്ത് ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. ഇറാൻ അതിർത്തി മൂന്ന് ദിവസത്തേക്ക് ഇറാഖ് അടച്ചു. ടെഹ്റാന്‍ നഗരത്തിനടുത്ത് ഖോമിലാണ് കൊറോണ വൈറസ് ബാധയില്‍ രണ്ട് പേര്‍ മരിച്ചതെന്ന് ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം ചൈനയിൽ വൈറസ് വ്യാപനം കുറയുന്നതായി ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ അവകാശപ്പെട്ടു. ബുധനാഴ്ച രാജ്യത്ത് 394 പേരിലാണ് പുതുതായി വൈറസ് കണ്ടെത്തിയത്. ചൊവ്വാഴ്ച അത് 1749 പേരിലായിരുന്നു. ഫെബ്രുവരിയിൽ ഒരു ദിവസം റിപ്പോർട്ടുചെയ്യുന്ന ഏറ്റവും കുറഞ്ഞ വൈറസ് ബാധയാണിത്. പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിൽ ജനിതകപരിശോധനയിലൂടെ ഉറപ്പായ വൈറസ് ബാധ മാത്രമേ ഇപ്പോൾ അധികൃതർ കണക്കിലെടുക്കുന്നുള്ളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook