ന്യൂഡൽഹി: കോവിഡ്-19 വ്യാപനത്തെത്തുടർന്ന് രാജ്യം 21 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോയ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട ദിവസ വേതന തൊഴിലാളികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ തൊഴിലാളി സംഘടനകൾ. അസംഘടിത മേഖലകളിൽ ഉൾപ്പടെയുള്ള ദിവസ വേതനക്കാർക്ക് ചുരുങ്ങിയത് 5000 രൂപ ധനസഹായം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച സന്ദേശത്തിൽ തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു.
25 വയസ്സിനു താഴെയുള്ള തൊഴിലാളികൾക്ക് 5000 രൂപവീതവും 25 വയസ്സിനു മുകളിലുള്ളവർക്ക് 10,000 വീതവും ജൻ ധൻ അക്കൌണ്ടുകൾ വഴി പ്രതിമാസം നൽകണമെന്ന് സിഐടിയും ജനറൽ സെക്രട്ടറി തപൻ സെൻ പ്രധാനമന്ത്രിക്കയച്ച സന്ദേശത്തിൽ പറയുന്നു.
ആശ്വാസ നടപടിയെന്ന നിലയിൽ 5000 രൂപ വീതം തൊഴിലാളികൾക്ക് നൽകണമെന്ന് ഭരണപക്ഷ അനുകൂല തൊഴിലാളി സംഘടന ബിഎംഎസും ആവശ്യപ്പെടുന്നു. തൊഴിലാളികൾക്ക് പണം നൽകുന്നത് അവരുടെ വാങ്ങൽ ശേഷി നിലനിർത്താൻ സഹായിക്കുമെന്നും അത് കമ്പോളത്തെയും സാമ്പത്തിക പ്രവർത്തനങ്ങളെയും തളർത്താതെ സംരക്ഷിക്കാൻ സഹായിക്കുമെന്നും ബിഎംഎസ് പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.
കോവിഡ് പ്രതിരോധ നടപടികളുടെ രണ്ടാം ഘട്ടമായാണ് സാമ്പത്തിക സഹായം അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുന്നതെന്നും നിലവിൽ രോഗവ്യാപനം തടയാൻ സാമൂഹിക അകലം ഉറപ്പാക്കുന്നതിനാണ് പരിഗണന നൽകുന്നതെന്നും പ്രതിപക്ഷ കക്ഷികളോട് പ്രധാനമന്ത്രി വിശദീകരണമറിയിച്ചിരുന്നു.
Also Read: ക്ഷേമപെൻഷൻ മറ്റന്നാൾ മുതൽ വീടുകളിലെത്തും; വിഷുവിനു മുൻപ് ആറ് മാസത്തെ പെൻഷൻ തുക ലഭിക്കും
രാജ്യത്തെ ലോക്ക്ഡൗൺ ഏറ്റവും പ്രതികൂലമായി ബാധിക്കുക ദിവസ വേതനക്കാരെയാണെന്ന് തൊഴിലാളി സംഘടനകൾ പ്രതികരിച്ചു. അസംഘടിത മേഖലകളിയിൽ സ്ഥിതിഗതികൾ രൂക്ഷമാവുന്ന അവസ്ഥയാണെന്ന് തപൻ സെൻ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികൾ വെറും കെെയോടെ മടങ്ങിയ സാഹചര്യം പല സ്ഥലങ്ങളിലുമുള്ളതായി ബിഎംഎസ് പ്രസിഡന്റ് സജി നാരായണൻ അറിയിച്ചു. അസംഘടിത മേഖലയിലുള്ളവർക്ക് മുന്നോട്ട് പോവാൻ ഒരു വരുമാന മാർഗവുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
Read in English: As India begins lockdown, trade unions write to PM Modi asking for financial aid for daily wage labourers