ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്-19) ബാധിതരുടെ എണ്ണം ഉയരുന്നു. ജമ്മു കശ്മീർ, ന്യൂഡൽഹി, ഉത്തർ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ ഇന്ന് നാലുപേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ 43 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അതേസമയം, വൈറസ് ബാധിച്ച് ആരും രാജ്യത്ത് ഇതുവരെ മരണമടഞ്ഞിട്ടില്ല.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ 8,255 വിമാനങ്ങളിലായെത്തിയ 8,74,708 രാജ്യാന്തര യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 1,921 യാത്രക്കാർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇതിൽ 177 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
Read Also: എറണാകുളത്ത് മൂന്ന് വയസുകാരന് കൊറോണ; അതീവ ജാഗ്രതയിൽ സംസ്ഥാനം
കേരളം, ലഡാക്ക്, ന്യൂഡൽഹി, ഉത്തർ പ്രദേശ്, രാജസ്ഥാൻ, ജമ്മു കശ്മീർ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ലോകമാകമാനം 1,05,836 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 95 രാജ്യങ്ങളിലായി ഇതുവരെ 3,595 പേർ മരിച്ചു.
ചൈനയ്ക്കുശേഷം ഇറ്റലിയിലാണ് കൊറോണ വൈറസ് മാരകമായി പടർന്നുപിടിച്ചത്. ഇറ്റലിയിൽ 5,883 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 233 പേർ മരിച്ചു. ചൈനയ്ക്കുശേഷം കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ്.