ന്യൂഡൽഹി: ലോകത്താകമാനം കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർക്കാണ് പുതിയതായി വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ ലോകത്ത് ആകെ രോഗബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. മരണസംഖ്യയും വർധിക്കുകയാണ്. ആറായിരത്തിലധികം പേർക്ക് കോവിഡ് മൂലം ഇന്നലെ മാത്രം ജീവൻ നഷ്ടമായതോടെ മരണസംഖ്യ നാല് ലക്ഷത്തിന് അടുത്തെത്തി. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച്
ലോകത്ത് 68,43,840 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 3,98,071 പേർ വൈറസ് ബാധമൂലം മരിക്കുകയും ചെയ്തു.

അമേരിക്ക തന്നെയാണ് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും മുന്നിൽ നിൽക്കുന്നത്. 19.65 ലക്ഷം ആളുകളിലാണ് അമേരിക്കയിൽ കോവിഡ് കണ്ടെത്തിയത്. ഇന്നലെ മാത്രം ആയിരത്തിലധികം പേർ മരിച്ചതോടെ മരണസംഖ്യയും 1,11,390 ആയി വർധിച്ചു.

Also Read: അൺലോക്ക് 1.0: കുടിയേറ്റ തൊഴിലാളികൾ തൊഴിലിടങ്ങളിലേക്ക് മടങ്ങിയെത്തുന്നു

തെക്കേഅമേരിക്കൻ രാജ്യമായ ബ്രസീലിലും സ്ഥിതി ഗുരുതരമാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ വർധനവാണ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഇതുവരെ ബ്രസീലിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറരലക്ഷം കവിഞ്ഞപ്പോൾ 35000 പേർക്ക് ജീവൻ നഷ്ടമായി. അതിവേഗമാണ് ബ്രസീലിൽ രോഗം പടർന്ന് പിടിക്കുന്നത്.

അതേസമയം, മരണസംഖ്യയിൽ അമേരിക്കയ്ക്ക് പിന്നിൽ ബ്രിട്ടണാണ്. ഇവിടെ 40000ത്തിലധികം പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. എന്നാൽ ഇവിടെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് ഇപ്പോൾ രേഖപ്പെടുത്തുന്നില്ല. സ്‌പെയ്നിലും രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. അമേരിക്കയ്ക്കും ബ്രസീലിനും പിന്നിൽ രോഗബാധിതരുടെ കണക്കിൽ റഷ്യയാണ് മൂന്നാമത്.

Also Read: കോവിഡ് വാക്സിൻ: ഓക്സ്ഫോർഡ് കൊറോണ വാക്സിൻ ട്രയലിന് അനുമതി നൽകി ബ്രസീൽ

ഒരുഘട്ടത്തിൽ കോവിഡിന്റെ വലിയ ആഘാതം ഏറ്റുവാങ്ങിയ ഇറ്റലിയെ മറികടന്ന് ഇന്ത്യ രോഗബാധിതരുടെ എണ്ണത്തിൽ ആറാമത് എത്തി. കഴിഞ്ഞ് മൂന്ന് ദിവസം പതിനായിരത്തിനടുത്ത് ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രണ്ടരലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം വർധിക്കുകയാണ്. പുതിയതായി രോഗബാധ കണ്ടെത്തുന്നവരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമതാണ്. ഇന്ത്യയിൽ മരണസംഖ്യ 6500 കടന്നു.

ലോകത്ത് ഇതുവരെ 33,35,219 പേർക്ക് രോഗം ഭേദമായതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന 31,10,550 പേരിൽ അരലക്ഷത്തിലധികം പേരുടെ നില ഗുരുതരമാണ്. വരും ദിവസങ്ങളിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook