ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-15 രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3500 കടന്നു. മരണ സംഖ്യ 83ആയി ഉയർന്നു. ഇതുവരെ 3577 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതിൽ 274 പേർക്ക് രോഗം ഭേദമായി. 25 മണിക്കൂറിനിടെ പുതുതായി 505 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏഴ് കോവിഡ് ബാധിതരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് മരണപ്പെട്ടത്.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ മരിച്ചത്. 32 പേർ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. മദ്ധ്യപ്രദേശിൽ 12 പേരും ഗുജറാത്തിൽ 11 പേരും കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 748 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്. തമിഴ് നാട്ടിൽ 571 പേരും ഡൽഹിയിൽ 503 പേരും രോഗബാധിതരായി. കേരളത്തിൽ 314 കോവിഡ് ബാധിതരാണുള്ളത്.

രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് പരിശോധിക്കുമ്പോൾ വെെറസിന്റെ എണ്ണം ഇരട്ടിയാവുന്നതിന് 4.1 ദിവസമാണ് വേണ്ടിവരുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. തബ്ലീഗ് ജമാഅത്ത് സമ്മളനവുമായി ബന്ധപ്പെട്ട അധിക കേസുകളില്ലായിരുന്നെങ്കിൽ ഈ നിരക്ക്, വൈറസ് രണ്ടിരട്ടിയാവാൻ 7.4 ദിവസമെന്ന  നിലയിലാവുമായിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പറഞ്ഞു.

Also Read: കേരളത്തിൽ പലയിടത്തും ശക്തമായ കാറ്റും മഴയും

കോവിഡ് കേസുകളുടെ എണ്ണത്തിന് ആനുപാതികമായി സംസ്ഥാനങ്ങളിലേക്ക് പിപിഇ കിറ്റുകൾ അയച്ചിട്ടുണ്ട്. നേരത്തേ അവ ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്ത് അവയുടെ ഉദ്പാദനം ആരംഭിച്ചിട്ടുണ്ടെന്നും അഗർവാൾ പറഞ്ഞു.

അതേസമയം, കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുൻ രാഷ്ട്രപതിമാരുമായും മുൻ പ്രധാനമന്ത്രിമാരായും പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി. മുൻ രാഷ്ട്രപതിമാരായ പ്രണബ് മുഖർജി, പ്രതിഭ പാട്ടീൽ, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, എച്ച്ഡി ദേവഗൗഡ എന്നിവരെയാണ് മോഡി ടെലഫോണിൽ ബന്ധപ്പെട്ടത്.

കോൺഗ്രസ് ഇടക്കാല പ്രസിഡൻഡ്  സോണിയ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ഡിഎംകെ മേധാവി എംകെ സ്റ്റാലിൻ, സമാജ് വാദി പാർട്ടി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ് , ശിരോമണി അകാലിദൾ പ്രസിഡൻഡ് പ്രകാശ് സിങ് ബാദൽ തുടങ്ങിയവരുമായും പ്രധാനമന്ത്രി ടെലഫോണിൽ ചർച്ച നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook