മുംബൈ: കോവിഡ് 19 ബാധിച്ച് രാജ്യത്ത് ഒരാൾ കൂടി മരിച്ചു. മഹാരാഷ്ട്രയിലാണ് മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യം ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കസ്തൂർബയിലേക്ക് മാറ്റുകയും ചെയ്ത 64 വയസ്സുകാരനാണ്‌ മരിച്ചത്. മാർച്ച് എട്ടിന് ദുബായിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹത്തിന് ശ്വാസതടസം നേരിടുകയും അതിന് ശേഷം നടത്തിയ പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് കസ്തൂർബയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും കോവിഡ് 19 സ്ഥിരീകരിച്ചു.

ഇതിനുമുമ്പ് കർണാടകയിലെ ഒരു പുരുഷനും ഡൽഹിയിലെ ഒരു സ്ത്രീയും വൈറസ് ബാധയെ തുടർന്ന് മരിച്ചിരുന്നു. കർണാടകയിൽ തിങ്കളാഴ്ച രാത്രി രണ്ടു പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 125 പോസിറ്റീവ് കേസുകളുണ്ട്.

കൊറോണ വൈറസ് മൂലമുള്ള മരണങ്ങളുടെ എണ്ണം 7,000 കവിഞ്ഞ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പകർച്ചവ്യാധിയെ നേരിടാനുള്ള മുൻകരുതൽ നടപടികൾ വർദ്ധിപ്പിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 7164 ആയി. ഏറ്റവും കൂടുതല്‍ മരണം ചൈനയിലാണ്, 3226 പേര്‍. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് ശേഷം കൊറോണ വ്യാപകമായി പടര്‍ന്ന ഇറ്റലിയില്‍ 2158 പേരും മരണപ്പെട്ടു. 162 രാജ്യങ്ങളിലായി 182,550 ആളുകള്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.അമേരിക്കയിൽ 73 പേരാണ് ഇതുവരെ മരിച്ചത്.

അതേസമയം കോവിഡ് 19 പ്രതിരോധത്തിനുള്ള വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചതായി യുഎസ് വ്യക്തമാക്കി. യുഎസിലെ സിയാറ്റിലിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്വയം സന്നദ്ധരായ 45 പേരിലാണ് ആറാഴ്ച പരീക്ഷണം. ഇവര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരാണെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്(എന്‍ഐഎച്ച്) അറിയിച്ചു.

റിസര്‍ച്ച് ഇന്‍സ്റ്റിറ്റ‌്യൂട്ടില്‍ ക്ലിനിക്കല്‍ ട്രയലില്‍ ആദ്യ ഡോസ് വോളണ്ടിയര്‍മാര്‍ക്കു നല്‍കും. ഇതു പരീക്ഷണം മാത്രമാണ്. കൂടുതല്‍ പരീക്ഷണഘട്ടത്തിലൂടെ ഇവ ഫലവത്തും സുരക്ഷിതവുമാണെന്ന് തെളിയണം. ഇതിനുശേഷം വാക്‌സിന്‍ വികസിപ്പിക്കാന്‍ ഒന്നുമുതല്‍ ഒന്നരവര്‍ഷം വരെ എടുക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് ആദ്യത്തെയാളില്‍ വാക്‌സിന്‍ പ്രയോഗിച്ചതെന്നും പരീക്ഷണം ആറാഴ്ചയോളം നീളുമെന്നും യുഎസ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ‌്യൂട്ട് ഓഫ് ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook