മുംബൈ: രാജ്യത്തെ കോവിഡ് പ്രതിരോധത്തിനായി ടാറ്റ സണ്‍സ് 1000 കോടി രൂപ നല്‍കുമെന്ന് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അറിയിച്ചു. മഹാവ്യാധിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ നേരത്തെ 500 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് ടാറ്റ സൺസ് 1000 കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഈയവസരത്തില്‍ ടാറ്റ ട്രസ്റ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പരസ്പര സഹകരണത്തോടെ ഗ്രൂപ്പിന്‍റെ മുഴുവന്‍ നൈപുണ്യവും പ്രയോജനപ്പെടുത്തുമെന്നും ചന്ദ്രശേഖരന്‍ പ്രസ്താവനയില്‍ അറിയിച്ചു. രാജ്യം നേരിടുന്ന ഇപ്പോഴത്തെ ഭീതിയെ മറികടക്കാനും സമൂഹത്തിന്റെ നിലവാരം ഉയർത്താനും എല്ലാവരും പരിശ്രമിക്കണമെന്നും കമ്പനി പറഞ്ഞു.
കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി സിറ്റിസൺ അഷ്വറൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ടും അദ്ദേഹം (പിഎം-കെയർ) പ്രഖ്യാപിച്ചു. കൊറോണ പ്രതിസന്ധിയേയും ഭാവിയിൽ ഉണ്ടായേക്കാവുന്ന സമാന സാഹചര്യങ്ങളേയും നേരിടാൻ ഈ ഫണ്ടിലേക്ക് ജനങ്ങൾക്ക് സംഭാവന നൽകാം.
കഴിഞ്ഞ 24 മണിക്കൂറില്‍ 194 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ട് മരണങ്ങളും. ഇന്ത്യയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തശേഷം ഒരു ദിവസം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കഴിഞ്ഞ ദിവസമാണ്. ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ വന്നത് മാര്‍ച്ച് 26-ന് 88 കേസുകളായിരുന്നു. ഇതുവരെ, 79 പേര്‍ സുഖം പ്രാപിച്ചു. 19 പേര്‍ മരിച്ചു.