ന്യൂഡൽഹി: മാർച്ച് 31 വരെ രാജ്യത്തുടനീളമുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചുപൂട്ടാൻ കേന്ദ്രം തിങ്കളാഴ്ച തീരുമാനിച്ചു. “കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ എല്ലാ എഎസ്ഐ സംരക്ഷിത സ്മാരകങ്ങളും എല്ലാ കേന്ദ്ര മ്യൂസിയങ്ങളും അടച്ചുപൂട്ടുന്നു. നടപടി ഉടനടി പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും,” കേന്ദ്ര ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പ്രഹ്ളാദ് പട്ടേൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു,
ആഗ്രയിലെ താജ് മഹൽ, ചെങ്കോട്ട, ദില്ലിയിലെ ഖുതാബ് മിനാർ, യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളായ കർണാടകയിലെ ഹമ്പി, ഔറംഗബാദിലെ അജന്ത ഗുഹകൾ എന്നിവയുൾപ്പെടെ മൂവായിരത്തിലധികം എ.എസ്.ഐ സംരക്ഷിത സ്മാരകങ്ങളുണ്ട്. ഡൽഹിയിലെ നാഷണൽ മ്യൂസിയം, ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ ക്യാമ്പസുകളുള്ള നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, ഹൈദരാബാദിലെ സലാർ ജംഗ് മ്യൂസിയം തുടങ്ങി 200 ലധികം കേന്ദ്ര മ്യൂസിയങ്ങളുണ്ട്.
Read More: കോവിഡ് 19: യൂറോപ്പിൽ നിന്നും യുകെയിൽ നിന്നുമുള്ള വിമാനങ്ങൾക്ക് കർശന വിലക്കുമായി കേന്ദ്രം
ഈ ഇടങ്ങളിൽ ഭൂരിഭാഗവും ടിക്കറ്റ് വിൽപ്പനയുടെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കുന്നതും നിരവധി ആളുകൾ എത്തുകയും ചെയ്യുന്നതിനാൽ ഖജനാവിന് കാര്യമായ നഷ്ടമുണ്ടാക്കുമെങ്കിലും രാജ്യത്തെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഈ നീക്കം അനിവാര്യമാണെന്ന് സാംസ്കാരിക മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എസ് ഐ ക്ക് കീഴിലെ 143 സ്മാരകങ്ങളിലേക്കുള്ള പ്രവേശനത്തിന് മുൻപ് വിറ്റുപോയ ടിക്കറ്റുകളുടെ പൈസ സന്ദർശകർക്ക് തിരികെ നൽകും
അതേസമയം, തിങ്കളാഴ്ച വൈകുന്നേരം നടന്ന യോഗത്തിന് ശേഷം മാർച്ച് 31 വരെ രാജ്യത്തെ എല്ലാ സാംസ്കാരിക സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതായും സർക്കാർ അറിയിച്ചു.
“സന്ദർശകർക്കായി താജ്മഹൽ അടച്ചു പൂട്ടേണ്ടി വന്ന അപൂർവ്വ സന്ദർഭങ്ങളിലൊന്നാണിത്. താജ് മഹൽ,” ആഗ്ര സർക്കിളിലെ എ.എസ്.ഐ പുരാവസ്തു ഗവേഷകൻ പറഞ്ഞു, ഇന്തോ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 1971 ൽ കുറച്ച് ദിവസത്തേക്ക് താജ് മഹൽ അടച്ചിരുന്നു.
അതാത് ജില്ലാ ഭരണകൂടങ്ങളുടെ ഔദ്യോഗിക അഭ്യർത്ഥനയെത്തുടർന്ന് ഒഡീഷ, കേരളം, കർണാടക എന്നിവിടങ്ങളിലായി ഇത്തരത്തിലുള്ള നിരവധി ഇടങ്ങൾ എ.എസ്.ഐ നേരത്തെ അടച്ചിരുന്നു. സൂര്യക്ഷേത്രം (കൊണാർക്ക്), രാജറാണി ക്ഷേത്രം (ഒഡീഷ), ഉദയഗിരി ഗുഹകൾ (ഒഡീഷ), സോമനാഥ്പൂർ ക്ഷേത്രം (മൈസൂർ), ഹമ്പി (കർണാടക), ബേക്കൽ കോട്ട (കസാർഗോഡ്), മാതൻചേരി മ്യൂസിയം (കേരളം) എന്നിവ ഇതിൽ ഉൾപ്പെടുന്നു.