സിയോള്‍: ദക്ഷിണ കൊറിയയില്‍ ഭീതിവിതച്ച് കൊറോണ വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടരുന്നു. പുതുതായി 60 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 893 ആയി. രാജ്യത്ത് രോഗം ബാധിച്ച് ഇതുവരെ എട്ടു പേരാണ് മരിച്ചത്.

കിഴക്കന്‍ കൊറിയയിലെ ഡെയിഗു, ചെങ്‌ഡോ നഗരങ്ങളിലാണ് രോഗബാധ പടരുന്നത്. ഭൂരിഭാഗം രോഗികളും ഡെയിഗുവിലെ ഒരു മതസംഘടനയുമായും ചെങ്‌ഡോയിലെ ഒരു ആശുപത്രിയുമായും ബന്ധമുള്ളവരാണ്. ഇരു നഗരങ്ങളെയും പ്രത്യേക പരിരക്ഷാ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് സര്‍ക്കാര്‍ അതീവ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇറ്റലിയില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നു ഉത്തര ഇറ്റലിയില്‍ കനത്ത നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, കുവൈറ്റ്, ബഹറിന്‍ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചു. ചൈനയിൽ പുതിയ 508 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു.

Read More: സിഎഎ: ഡൽഹി സംഘർഷത്തിൽ മരണം അഞ്ചായി, അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

തുർക്കി, പാകിസ്ഥാൻ, അർമേനിയ എന്നീ രാജ്യങ്ങൾ ഞായറാഴ്ച ഇറാനുമായുള്ള അതിർത്തി അടച്ചിട്ടു. കൊറോണ വൈറസ് അണുബാധയും മരണവും റിപ്പോർട്ട് ചെയ്തതിനാൽ അയൽരാജ്യമായ അഫ്ഗാനിസ്ഥാനും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിതമായതിനുശേഷം ഉണ്ടായ ഏറ്റവും വലിയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ് നിലവിലേതെന്ന് ചൈനീസ് പ്രസിഡന്റ് സിൻ ജിൻ‌പിംഗ് ഞായറാഴ്ച പറഞ്ഞു.

ചൈനയുമായി ബന്ധമില്ലാത്ത മറ്റിടങ്ങളിൽ കൂടി വൈറസ് പടരുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു. കോവിഡ് -19 എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന വൈറസ് ഡിസംബർ അവസാനത്തോടെയാണ് ഹുബെ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ ഉത്ഭവിച്ചത്. ദുർബലമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളെ പിന്തുണയ്ക്കാനും അടിയന്തിര ധനസഹായം നൽകാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.

അതേസയം രോഗ ബാധിതരുടെ എണ്ണവും മരണ സംഖ്യയും വർധിച്ച പശ്ചാത്തലത്തിൽ ഇറാന് സൗദി യാത്രാ വിലക്കേർപ്പെടുത്തി. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നും ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. കൊറോണ വൈറസിൽ നിന്ന് സംരക്ഷണം നൽകുന്നതിന് സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇറാൻ യാത്രക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് വിശദീകരണം. വിലക്ക് ലംഘിച്ചു ഇറാൻ സന്ദർശിക്കുന്ന സൗദി പൗരന്മാർക്കെതിരെ പാസ്‌പോർട്ട് നിയമം അനുസരിച്ചു ശിക്ഷാ നടപടികൾ സ്വീകരിക്കും.

രോഗബാധയേറ്റാൽ സ്ഥിരീകരിക്കാനുള്ള പരമാവധി സമയപരിധി കഴിയാതെ നേരത്തെ ഇറാൻ സന്ദർശിച്ച മറ്റ് രാജ്യക്കാർ സൗദിയിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇതുപ്രകാരം ഇറാൻ സന്ദർശിച്ചു പതിനാല് ദിവസം കഴിയാതെ മറ്റു രാജ്യക്കാരെ സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook