സിയോൾ: ദക്ഷിണ കൊറിയയിൽ പുതിയ 161 കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഇവിടുത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 763 ആയി. ഡേഗു നഗരത്തിലാണ് കൂടുതൽ രോഗ ബാധിതർ ഉള്ളതെന്ന് കൊറിയ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. കൂടാതെ രണ്ടു പേർ കൂടി മരിച്ചതോടെ മരണ സംഖ്യ ഏഴായി.

വൈറസ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും വർധിച്ചതോടെ ഞായറാഴ്ച രാജ്യത്ത് കടുത്ത ജാഗ്രതാ നിർദേശങ്ങൾ നൽകി.

അതേസമയം, തുർക്കി, പാകിസ്ഥാൻ, അർമേനിയ എന്നീ രാജ്യങ്ങൾ ഞായറാഴ്ച ഇറാനുമായുള്ള അതിർത്തി അടച്ചിട്ടു. കൊറോണ വൈറസ് അണുബാധയും മരണവും റിപ്പോർട്ട് ചെയ്തതിനാൽ അയൽരാജ്യമായ അഫ്ഗാനിസ്ഥാനും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Read More: Donald Trump India Visit LIVE Updates: നമസ്തേ ട്രംപ്: പ്രധാനമന്ത്രി ഉടൻ അഹമ്മദാബാദിലേക്ക് പുറപ്പെടും

ഇറ്റലിയിൽ കുറഞ്ഞത് 152 കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് യൂറോപ്പിൽ അടിയന്തര നടപടികൾക്ക് കാരണമായി.

കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിതമായതിനുശേഷം ഉണ്ടായ ഏറ്റവും വലിയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ് നിലവിലേതെന്ന് ചൈനീസ് പ്രസിഡന്റ് സിൻ ജിൻ‌പിംഗ് ഞായറാഴ്ച പറഞ്ഞു.

ചൈനയുമായി ബന്ധമില്ലാത്ത മറ്റിടങ്ങളിൽ കൂടി വൈറസ് പടരുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു. കോവിഡ് -19 എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന വൈറസ് ഡിസംബർ അവസാനത്തോടെയാണ് ഹുബെ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ ഉത്ഭവിച്ചത്. ദുർബലമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളെ പിന്തുണയ്ക്കാനും അടിയന്തിര ധനസഹായം നൽകാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.

അതേസയം രോഗ ബാധിതരുടെ എണ്ണവും മരണ സംഖ്യയും വർധിച്ച പശ്ചാത്തലത്തിൽ ഇറാന് സൗദി യാത്രാ വിലക്കേർപ്പെടുത്തി. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നും ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. കൊറോണ വൈറസിൽ നിന്ന് സംരക്ഷണം നൽകുന്നതിന് സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇറാൻ യാത്രക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് വിശദീകരണം. വിലക്ക് ലംഘിച്ചു ഇറാൻ സന്ദർശിക്കുന്ന സൗദി പൗരന്മാർക്കെതിരെ പാസ്‌പോർട്ട് നിയമം അനുസരിച്ചു ശിക്ഷാ നടപടികൾ സ്വീകരിക്കും.

രോഗബാധയേറ്റാൽ സ്ഥിരീകരിക്കാനുള്ള പരമാവധി സമയപരിധി കഴിയാതെ നേരത്തെ ഇറാൻ സന്ദർശിച്ച മറ്റ് രാജ്യക്കാർ സൗദിയിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇതുപ്രകാരം ഇറാൻ സന്ദർശിച്ചു പതിനാല് ദിവസം കഴിയാതെ മറ്റു രാജ്യക്കാരെ സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook