ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ കോവിഡ് ബാധിതനെന്ന സംശയത്തെത്തുടർന്ന് സാമൂഹിക ബഹിഷ്കരണം നേരിട്ട യുവാവ് ആത്മഹത്യ ചെയ്തതായി പൊലീസ്. മുഹമ്മദ് ദിൽഷാദ് (37) ആണ് മരിച്ചത്. കോവിഡ് -19 ബാധിതനെന്ന് സംശയിച്ച് പ്രദേശ വാസികളിൽ ചിലർ ദിൽഷാദിനെ ഒറ്റപ്പെടുത്തിയിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഉനയിലെ ബൻഗഡ് ഗ്രാമത്തിലുള്ള വീട്ടിലാണ് ദിൽഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ ക്വാറന്റെെനിൽ കഴിയുകയായിരുന്ന യുവാവിനെ നെഗറ്റീവ് ഫലം ലഭിച്ചതിനെത്തുടർന്ന് വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് സംസ്ഥാനത്ത് തിരിച്ചെത്തിയ സംഘത്തിൽ പെടുന്നയാളാണ് ദിൽഷാദെന്ന് ഉന സർദർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ ദർശൻ സിങ് പറഞ്ഞു.

Also Read: കോവിഡ് -19: വായുവിൽക്കൂടി പകരുമെന്നതിന് തെളിവില്ല- ഐസിഎംആർ

ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ യുവാവിന് നാട്ടുകാരുടെ ഭാഗത്തുനിന്നുള്ള വിവേചനം നേരിടേണ്ടി വന്നതായി ഡിജിപി സീതാ റാം മർദി പറഞ്ഞു. “ഇയാൾ കോവിഡ് -19 രോഗിയാണെന്ന് ഗ്രാമീണരിൽ ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. അയാളെ ക്വാറന്റെെനിലേക്ക് മാറ്റുകയും വെെറസ് ബാധ പരിശോധിച്ചപ്പോൾ നെഗറ്റീല് ഫലം ലഭിക്കുകയും ചെയ്തു. ഗ്രാമത്തിൽ തിരിച്ചെത്തിയപ്പോൾ നാട്ടുകാർ വിവേചനപരമായി പെരുമാറുകയും സാമൂഹികമായി ബഹിഷ്കരിക്കുകയും ചെയ്തു. അതിനെത്തുടർന്ന് ആയാൾ ആത്മഹത്യ ചെയ്തു” – ഡിജിപി പറഞ്ഞു.

എന്നാൽ നാട്ടുകാർ ഇയാൾക്കെതിരേ വിവേചനപരമായി പെരുമാറിയോ എന്നതും സാമൂഹികമായി ബഹിഷ്കരിച്ചോ എന്നതും അന്വേഷിക്കേണ്ടതുണ്ടെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു. അതേസമയം ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും എന്നാലത് സാമൂഹിക വിവേചനം ആയി മാറരുതെന്നും ഡിജിപി അഭ്യർഥിച്ചു.

Read in English: Coronavirus: Facing ‘social boycott’, man kills self in Himachal’s Una

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook