ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ആറാം ദിവസത്തിലേക്കു കടന്നിരിക്കെ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടപ്പലായനം ചെയ്യുന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് നാളെ സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു കോടതി ഉത്തരവ്.

പരിഭ്രാന്തിയും ഭയവും മൂലം തൊഴിലാളികള്‍ പലായനം ചെയ്യുന്നതു കൊറോണ വൈറസിനേക്കാള്‍ വലിയ പ്രശ്നമായി മാറുകയാണെന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസ് എല്‍.നാഗേശ്വര റാവു എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. അഭിഭാഷകരായ അലഖ് അലോക് ശ്രീവാസ്തവ, രശ്മി ബന്‍സാല്‍ എന്നിവര്‍ സമര്‍പ്പിച്ച രണ്ട് വ്യത്യസ്ത പൊതുതാൽപര്യ ഹര്‍ജികളാണു കോടതി പരിഗണിച്ചത്.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് പരിഭ്രാന്തി മൂലം ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണു ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് സ്വന്തം നാടുകളിലേക്കു തിരിച്ചുപോകുന്നത്. വാഹനവും ഭക്ഷണവും വെള്ളവും കിട്ടാതെ കാല്‍നടയായി കുട്ടികള്‍ ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ പൊള്ളുന്ന ചൂടില്‍ നൂറുകണക്കിനു കിലോമീറ്റര്‍ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു കൊണ്ടേയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു കോടതി ഇടപെടല്‍. കൂട്ടപ്പലായനം വൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ക്കു തിരിച്ചടിയാകുമെന്ന അഭിപ്രായം പരക്കെ ഉയര്‍ന്നുകഴിഞ്ഞു.

Read Also: പുതിയ കേസുകളില്ലായെങ്കിൽ ഏപ്രിൽ ഏഴിന് സംസ്ഥാനം കൊറോണ വൈറസ് മുക്തമാകും: തെലങ്കാന മുഖ്യമന്ത്രി

അതേസമയം, ലോക്ക്ഡൗണ്‍ കാലയളവ് നീട്ടാന്‍ പദ്ധതിയില്ലെന്നു കേന്ദ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കാലയളവ് കേന്ദ്രസര്‍ക്കാര്‍ നീട്ടിയേക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനത്തിനു പരിഹാരം കണ്ടശേഷം ലോക്ക്ഡൗണ്‍ കാലയളവ് നീട്ടിയേക്കുമെന്നായിരുന്നു ചില മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

ആളുകള്‍ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. പലായനം ചെയ്തവരെ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റൈനു വിധേയമാക്കാനാണു നിര്‍ദേശം. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി മൂന്നാഴ്ചത്തെ ലോക്ക് ഡൗണാണു രാജ്യത്ത് പ്രഖ്യാപിച്ചത്. ഈ കാലയളവ് ഏപ്രില്‍ 14ന് അവസാനിക്കും.

അതിനിടെ, കൊറോണ വൈറസ് ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണു പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 29 ആയി. മൊത്തം രോഗബാധിതരുടെ എണ്ണം 1071 ആയി ഉയര്‍ന്നു. 942 പേരാണു ചികിത്സയിലുള്ളത്. 99 പേര്‍ ആശുപത്രി വിട്ടു.

മഹാരാഷ്ട്രയിലാണു രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 215 പേര്‍. കേരളത്തില്‍ 202 പേര്‍ക്കാണു രോഗം ബാധിച്ചത്. 181 പേര്‍ ചികിത്സയിലാണ്. ഇതില്‍ നാലു പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. സംസ്ഥാനത്ത് ഒരു മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഇന്ന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook