ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലും എത്തിയതോടെ വൈറസിനെ ഒന്നിച്ച് നേരിടാനൊരുങ്ങുകയാണ് സാർക്ക് അംഗരാജ്യങ്ങൾ. കോവിഡ് 19 ഭീഷണി നേരിടാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നതിന് സാർക്ക് രാജ്യങ്ങൾ ഇന്ന് യോഗം ചേരും. വീഡിയോ കോൺഫറസിങ്ങിലൂടെയാണ് യോഗം നടക്കുന്നത്.

വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പങ്കെടുക്കും. പാക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പാക്കിസ്ഥാന്രെ ആരോഗ്യ ഉപദേഷ്ടവായിരിക്കും യോഗത്തിൽ പങ്കെടുക്കുന്നത്.

Also Read: കോവിഡ് 19: പുതിയ കേസുകളില്ല, നിയന്ത്രണങ്ങൾ ഫലപ്രദമെന്ന് മുഖ്യമന്ത്രി

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് ശക്തമായ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ സാര്‍ക്ക് രാജ്യങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം രംഗത്തെത്തിയത്. ഈ തന്ത്രങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ചചെയ്യാമെന്ന നിർദേശം മുന്നോട്ടുവച്ചതും മോദി തന്നെ.

പാക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങൾ മോദിയുടെ നിർദേശം ഏറ്റെടുത്തതോടെ വൈറസിനെ പ്രതിരോധിക്കാൻ ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഒന്നിച്ചുനിൽക്കും. സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിച്ചുവരുന്നത് ലോകത്തിന് ഒരു മാതൃകയാണെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.

Also Read: കോവിഡ് 19: കനത്ത ജാഗ്രതയിൽ സംസ്ഥാനം, അതിർത്തികളിൽ കർശന പരിശോധന

ആഗോള ജനസംഖ്യയുടെ ഗണ്യമായ പങ്കുള്ള ദക്ഷിണ ഏഷ്യ, ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ വഴികളും തേടണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു. ഇന്ത്യ മാലദ്വീപിലേക്ക് മെഡിക്കൽ സംഘത്തെ ഉൾപ്പടെ കഴിഞ്ഞ ദിവസം അയച്ചിരുന്നു. മാരകമായ രോഗത്തില്‍ നിന്നും രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ സാര്‍ക്കുമായി സഹകരിച്ച് എന്തുംചെയ്യാന്‍ തയ്യാറാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook