/indian-express-malayalam/media/media_files/uploads/2020/04/covid-corona-1.jpg)
സോൾ: കോവിഡ്-19 രോഗം ഭേദമായാൽ വീണ്ടും ബാധിക്കാൻ സാധ്യതയുണ്ടോ? ഈ ചോദ്യത്തിനും അതിനു പിറകിലെ ആശങ്കകൾക്കും കൃത്യമായ ഉത്തരം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.പുതിയ കൊറോണ വൈറസിനെ പഠിച്ചെടുക്കാൻ ഇനിയും സമയം ആവശ്യമാണെന്നതിനാലാണ് ഈ അവ്യക്തത തുടരുന്നത്.
രോഗമുക്തരായവരെ വീണ്ടും കോവിഡ് ബാധിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ പല തവണ പുറത്തുവന്നിരുന്നു. ഇപ്പോൾ, ദക്ഷിണ കൊറിയയിൽ നിന്നും സമാന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് ബാധ പൂർണമായും മാറിയെന്ന് കരുതിയ 91 രോഗികളെ വീണ്ടും പരിശോധിച്ചപ്പോൾ പോസിറ്റീവ് ഫലം ലഭിച്ചതായി ദക്ഷിണകൊറിയൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അധികരിച്ച് വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്യുന്നു. ഇത് വൈറസ് വീണ്ടും ശരീരത്തിൽ പ്രവേശിക്കുന്നതാവില്ലെന്നും ശരീരത്തിൽ നേരത്തേയുള്ള വൈറസ് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതാവാനാണ് സാധ്യതയെന്നുമാണ് സംഭവത്തിൽ ദക്ഷിണ കൊറിയൻ രോഗ നിയന്ത്രണ കേന്ദ്രം (കെജിഡിസി) ഡയരക്ടർ ജിയോങ് യൂൻ ക്യോങ് നൽകിയ വിശദീകരണം.
Also Read: എങ്ങനെ കൊറോണ വൈറസ് ശ്വാസകോശത്തിൽ പ്രവേശിക്കുകയും ശ്വസനത്തെ ബാധിക്കുകയും ചെയ്യുന്നു
ദക്ഷിണ കൊറിയയിൽ 7,000ലധികം കോവിഡ് ബാധിതർ രോഗവിമുക്തരായിരുന്നു. ഇതിൽ 51 പേർക്ക് വീണ്ടും പോസിറ്റീവ് പരിശോധനാഫലം ലഭിച്ചുവെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ വീണ്ടും രോഗബാധ കണ്ടെത്തിയവരുടെ എണ്ണം 91ലെത്തിയതായി ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച അറിയിച്ചു. രോഗം മാറിയവർക്ക് വീണ്ടും പോസിറ്റീവ് ഫലം ലഭിക്കുന്നതെന്തെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നതായും ദക്ഷിണകൊറിയൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
രോഗമുക്തി നേടിയവർക്ക് വീണ്ടും വൈറസ് ബാധിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയുന്നതായി കെജിഡിസി ഡയരക്ടർ ജിയോങ് യൂൻ ക്യോങ് വ്യക്തമാക്കി. "ശരീരത്തിൽ നേരത്തേയുണ്ടായിരുന്ന വൈറസ് വീണ്ടും പ്രവർത്തിക്കാൻ ആരംഭിച്ചതാവാം. രോഗം പൂർണമായും മാറാതെ കുറച്ച് ദിവസത്തെ ആശ്വാസത്തിനു ശേഷം വീണ്ടും രോഗ ലക്ഷണങ്ങൾ കാണിക്കാനാരംഭിക്കുന്നതായിരിക്കാം."- ജിയോങ് യൂൻ ക്യോങ് പറഞ്ഞു.
തെറ്റായ പരിശോധനാ ഫലവും ഇതിന് കാരണമായേക്കാമെന്നും ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. രോഗം ഭേദമായാലും ശരീരത്തിൽ വൈറസ് സാന്നിധ്യമുണ്ടാവാമെന്നും എന്നാൽ അത് ആരോഗ്യത്തെ ബാധിക്കുകയോ മറ്റുള്ളവരിലേക്ക് പകരുകയോ ചെയ്യില്ലെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
Also Read:Explained: കോവിഡ്-19 രോഗം ഭേദമായവരെ വീണ്ടും വൈറസ് ബാധിക്കാനുള്ള സാധ്യത എത്രത്തോളമുണ്ട്?
രണ്ടുമാസം മുൻപ് കോവിഡ് രോഗബാധ രൂക്ഷമായിരുന്ന ദക്ഷിണ കൊറിയ ഇപ്പോൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. 30ൽ താഴെ പുതിയ കേസുകൾ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. ഫെബ്രുവരിയിൽ 900 കോവിഡ് കേസുകൾ വരെ രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 10,450 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 208 പേർ മരിച്ചു. 7117 പേരാണ് രോഗമുക്തി നേടിയത്.
പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് കോവിഡ് ബാധിതർ
അതേസമയം, ദക്ഷിണ കൊറിയൻ പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനായി ഇന്ന് കോവിഡ് ബാധിതർ പോളിങ്ങ് ബൂത്തുകളിലെത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ പോളിങ് ബൂത്തുകൾ അണുവിമുക്തമാക്കിയിരുന്നു. കൈവിരലുകൾക്ക് പകരം മുഷ്ടികൊണ്ട് തൊടാവുന്ന വിധത്തിലാണ് വോട്ടിങ് യന്ത്രങ്ങൾ ക്രമീകരിച്ചത്.
ഈമാസം 15ന് രാജ്യത്ത് വോട്ടെടുപ്പ് ആരംഭിക്കാനായിരുന്നു പ്രാഥമിക തീരുമാനം. ഇതിനൊപ്പം കോവിഡ് ബാധിതർക്കുവേണ്ടി ആദ്യഘട്ട വോട്ടെടുപ്പ് നടത്താൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. 3000ഓളം കോവിഡ് ബാധിതർക്കും 900ഓളം ആരോഗ്യപ്രവർത്തകർക്കുമായി എട്ട് പോളിങ് സ്റ്റേഷനുകളാണ് ആദ്യഘട്ട പോളിങ്ങിനായി രാജ്യത്ത് തയ്യാറാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.