/indian-express-malayalam/media/media_files/uploads/2019/05/train.jpg)
ന്യൂഡൽഹി: കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നു. മാർച്ച് 22ന് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെയാണ് ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ട്രെയിൻ ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് റെയിൽവേ.
മുംബൈ, ഡൽഹി, ചെന്നൈ, സെക്കൻദ്രാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ സബർബൻ സർവീസുകൾ ഏറ്റവും കുറവ് സർവീസുകൾ മാത്രമേ നടത്തൂ.
മാർച്ച് 21 അർധരാത്രി പത്ത് മുതൽ മാർച്ച് 22 രാത്രി പത്ത് വരെയുള്ള എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കും (ഏകദേശം 2400 സർവീസുകൾ). എന്നാൽ നേരത്തെ സർവീസ് ആരംഭിച്ച ട്രെയിനുകൾ യാത്ര തുടരും.
മാർച്ച് 22ന് പുലർച്ചെ നാലിനും രാത്രി പത്തിനുമിടയിൽ ആരംഭിക്കുന്ന എല്ലാ ദീർഘദൂര മെയിൽ, എക്സ്പ്രസ്, ഇന്റർസിറ്റി ട്രെയിൻ സർവീസുകളും റദ്ദാക്കി (ഏകദേശം 1300 സർവീസുകൾ). അതേസമയം ജനതാ കർഫ്യൂ ആരംഭിക്കുന്നതിന് മുമ്പ് സർവീസ് ആരംഭിച്ച ഈ വിഭാഗത്തിലെ ട്രെയിനുകൾ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരും.
കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നത് കുറയ്ക്കണമെന്നും വളരെ അത്യാവശ്യക്കാര്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്ളതിനാല്‍ യാത്രക്കാര്‍ കുറഞ്ഞത് മൂലം ദക്ഷിണ റെയില്‍വേ 14 ട്രെയിന്‍ സര്‍വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. സ്‌പെഷല്‍ ട്രെയിനുകളും വീക്ക്‌ലി ട്രെയിനുകളുമാണ് റദ്ദാക്കിയത്. കേരളത്തില്‍ നിന്നും പുറത്തേക്കുമുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.