ന്യൂഡൽഹി: ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ചെയ്യുന്നതിനുളള വിലക്കിൽ ഇന്ത്യ ഇളവ് വരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രംഗത്തുവന്നിരുന്നു. ട്രംപിന്റെ നന്ദി പ്രകടനത്തിന് ട്വിറ്ററിലൂടെ മറുപടി നൽകിയിരിക്കുകയാണ് മോദി.

”താങ്കളുടെ വാക്കുകളോട് പൂർണമായും യോജിക്കുന്നു. ഇത്തരം സമയങ്ങൾ സുഹൃത്തുക്കളെ കൂടുതൽ അടുപ്പിക്കും. ഇന്ത്യ-യുഎസ് ബന്ധം പഴയതിനെക്കാൾ കൂടുതൽ ദൃഢമായി. കോവിഡ്-19 നെതിരായ പോരാട്ടത്തിൽ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യും. നമ്മൾ ഇതിൽ ഒരുമിച്ച് വിജയിക്കും” മോദി ട്വീറ്റ് ചെയ്തു.

കോവിഡിനെതിരായ പോരാട്ടത്തിൽ സ്വന്തം രാജ്യത്തെ മാത്രമല്ല, മാനവികതയെ ഒന്നിച്ചാണ് നരേന്ദ്ര മോദി സഹായിച്ചതെന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. “അസാധാരണ സമയങ്ങളിൽ സുഹൃത്തുക്കൾ തമ്മിലുള്ള പരസ്പര സഹകരണം കൂടുതൽ ആവശ്യമാണ്. ഹൈഡ്രോക്സിക്ലോറോക്വിനിന്റെ കാര്യത്തിൽ സ്വീകരിച്ച തീരുമാനത്തിന് ഇന്ത്യയ്ക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി. ഇതൊരിക്കലും മറക്കില്ല. നന്ദി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പോരാട്ടത്തിൽ, താങ്കളുടെ ശക്തമായ നേതൃത്വം ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിക്കുന്നു,” ട്രംപ് കുറിച്ചു.

കോവിഡ്-19 നെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ നിർദേശിച്ച മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ മാര്‍ച്ച് 25 നാണ് വിലക്കിയത്. രാജ്യത്ത് കോവിഡ്-19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഈ മരുന്നിന്റെ ലഭ്യതയില്‍ കുറവുവരാതിരാക്കാനാണ് കയറ്റുമതി നിര്‍ത്തിയത്. ഇതിനു പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ് രംഗത്തുവന്നു.

Read Also: കോവിഡിൽ രാഷ്ട്രീയക്കളി വേണ്ട; ട്രംപിന് ലോകാരോഗ്യ സംഘടനയുടെ മറുപടി

ഇന്ത്യ മരുന്ന് കയറ്റുമതി ചെയ്തില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. “അത് അദ്ദേഹത്തിന്റെ (മോദി) തീരുമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇന്നലെ ഞാൻ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിർത്തിയ കാര്യം പറഞ്ഞിരുന്നു. ഞങ്ങള്‍ക്കുള്ള വിതരണത്തിന് (ഹൈഡ്രോക്സിക്ലോറോക്വിന്‍) അനുമതി നല്‍കുകയാണെങ്കില്‍ അത് പ്രശംസനീയമാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അനുമതി നല്‍കിയില്ലെങ്കില്‍ കുഴപ്പമില്ല. പക്ഷെ തീര്‍ച്ചയായും ചില തിരിച്ചടികള്‍ ഉണ്ടാവും, എന്തുകൊണ്ടുണ്ടായിക്കൂട?,’ ട്രംപ് വൈറ്റ് ഹൗസില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തുടർന്ന് മണിക്കൂറുകൾക്കകം കോവിഡ്-19 ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read in English: ‘Times like these bring friends closer’: PM Modi responds to Trump’s praises over drug export

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook