ന്യൂഡൽഹി: മതപരമായ അതിർ വരമ്പുകൾ അപ്രസക്തമെന്നാണ് കൊറോണ വൈറസ് മഹാമാരി ഓർമിപ്പിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡൽഹിയിൽ പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാക്കിയ കോവിഡ് രോഗികളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളെയാണ് പ്ലാസ്മ ചികിത്സയ്ക്ക് വിധേയമാക്കിയത്. ശനിയാഴ്ച രാത്രിവരെ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ രോഗികളുടെ ആരോഗ്യ നില പ്ലാസ്മ ചികിത്സയ്ക്ക് മെച്ചപ്പെട്ടതായി കേജ്‌രിവാൾ പറഞ്ഞു. നേരത്തേ ഡൽഹിയിൽ ആറ് കോവിഡ് രോഗികളെ പരീക്ഷണാടിസ്ഥാനത്തിൽ പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാക്കിയിരുന്നു. ചികിത്സ വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് ഭേദപ്പെട്ടവരുടെ രക്തത്തിൽ നിന്നുള്ള ആൻറിബോഡി ഉപയോഗപ്പെടുത്തിയാണ് പ്ലാസ്മ ചികിത്സ. ഇതിനായി രക്തത്തിന്റെ ഭാഗമായ പ്ലാസ്മ ശേഖരിക്കുകയാണ് ചെയ്യുക.
Also Read: ചീഫ്‌ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ 2000 കിലോമീറ്റര്‍ റോഡ് യാത്ര ചെയ്ത് ജഡ്ജിമാര്‍
കൊറോണ വൈറസ് ഹിന്ദുവിനെയും മുസ്ലിംകളെയും ബാധിക്കുമെന്നും നമ്മുടെ ശരീരത്തിലെ പ്ലാസ്മ ജീവൻ രക്ഷിക്കുന്നത് മതം നോക്കാതെയാണെന്നും കേജ്‌രിവാൾ പറഞ്ഞു. ” നാളെ ഞാൻ കേൾക്കും, ഗുരുതരാവസ്ഥയിൽ കഴിയുന്ന ഹിന്ദുവായ ഒരു രോഗിയുടെ ജീവൻ ഒരു മുസ്ലിമിന്റെ പ്ലാസ്മകൊണ്ട് സംരക്ഷിക്കപ്പെട്ടുവെന്ന്, അല്ലെങ്കിൽ ഒരുപക്ഷേ ഗുരുതരാവസ്ഥയിലുള്ള മുസ്ലിം രോഗിയുടെ ജീവൻ ഹിന്ദുവിന്റെ പ്ലാസ്മ ഉപയോഗിച്ച് സംരക്ഷിച്ചെന്ന്. സർവേശ്വരൻ നമുക്കിടയിൽ മതിലുകൾ തീർത്തിരുന്നില്ല. ഈ മതം, ആ മതം, ദൈവം ഈ വിഭജനങ്ങൾ സൃഷ്ടിച്ചിരുന്നില്ല, നമ്മളായിരുന്നു അത് നിർമിച്ചത്.” – കേജ്‌രിവാൾ പറഞ്ഞു. എന്തിനാണ് നമ്മൾ മതിലുകൾ തീർക്കുന്നതെന്ന് ചോദിച്ച കേജ്‌രിവാൾ ഈ മഹാമാരിയിൽ നിന്നെങ്കിലും നമ്മൾ പഠിക്കാൻ തയ്യാറാവണമെന്നും പറഞ്ഞു.
നേരത്തേ ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത കോവിഡ്ബാധിതരെ പ്രത്യേകമായി തരം തിരിച്ച ഡൽഹി സർക്കാർ നടപടിക്കെതിരേ വിമർശനങ്ങളുയർന്നിരുന്നു. ഏപ്രിൽ പകുതി വരെ സമ്മേളനത്തിൽ പങ്കെടുത്ത രോഗികളെ പ്രത്യേകം എടുത്തു പറഞ്ഞായിരുന്നു ഡൽഹി സർക്കാർ പ്രതിദിന കോവിഡ് ബുള്ളറ്റിൻ ഇറക്കിയിരുന്നത്. പീന്നിട് വിമർശനത്തെത്തുടർന്ന് ഇത് ഒഴിവാക്കുകയും കോവിഡ് രോഗികളെ മതം അനുസരിച്ച് വേർതിരിക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശത്തിനനുസരിച്ച് ബുള്ളറ്റിൻ പുറത്തിറക്കാനാരംഭിക്കുകയും ചെയ്തു.
Also Read: കോളേജുകളിൽ ഓൺലൈൻ പരീക്ഷ: നിർദേശിക്കുന്നത് മൂന്നു വഴികൾ, എല്ലാം ക്യാമറയ്ക്ക് മുന്നിൽ
ഇന്ത്യയിൽ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ഡൽഹി. 2625 പേർക്കാണ് നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 54 കോവിഡ് ബാാധിതർ മരണപ്പെടുകയും ചെയ്തു. അതേസമയം കഴിഞ്ഞ വാരം നഗരത്തിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതായി കേജ്‌രിവാൾ പറഞ്ഞു. 622 പേർക്കാണ് കഴിഞ്ഞ വാരം നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടു മുൻപത്തെ ആഴ്ചയിൽ ഇത് 850 ആയിരുന്നു. 580 പേരാണ് കഴിഞ്ഞ വാരം രോഗമുക്തരായത്. തൊട്ടു മുൻപത്തെ ആഴ്ച 260 പേർക്കായിരുന്നു രോഗം ഭേദമായത്.