തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിൽ ഡോക്ടറുടെ മുഖത്ത് തുപ്പിയതിന് കോവിഡ്-19 രോഗിക്കെതിരേ കേസെടുത്തതായി പൊലീസ്. കൊലപാതക ശ്രമത്തിനാണ് കേസ്. ശനിയാഴ്ച തിരുച്ചിറപ്പള്ളിയിലെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച 40കാരനായ കോവിഡ് ബാധിതനെതിരേയാണ് കേസെടുത്തത്. സ്വന്തം മുഖത്തെ മാസ്ക് അഴിച്ചുമാറ്റിയ ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുഖത്ത് തുപ്പുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ഇയാൾ ഡോക്ടർമാരോടോ മറ്റു ജീവനക്കാരോടോ സഹകരിക്കുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

Also Read: കോവിഡ്-19: ഗവേഷണം നടത്തുന്നത് നാൽപതിലധികം വാക്സിനുകളിൽ; എല്ലാം പ്രാഥമിക ഘട്ടത്തിൽ

കോവിഡ് വ്യാപനത്തിനെതിരേ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ രോഗം പടർത്തുന്ന രീതിയിലുള്ള എല്ലാ പ്രവർത്തനങ്ങളും ഗൗരവമായ കുറ്റകൃത്യമായി കാണുന്നതായും തമിഴ്നാട് പൊലീസ് വ്യക്തമാക്കി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കും ഡൽഹിക്കും പിറകിൽ മൂന്നാമതാണ് തമിഴ്നാട്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1000 കടന്നിട്ടുണ്ട്. 11 പേർ മരണപ്പെടുകയും ചെയ്തു.

Also Read: കോവിഡ്-19 ഭീഷണിയിൽ നിന്ന് പുറത്തുകടക്കുന്ന ചെെനയിൽ ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ചത് 100 ഓളം കേസുകൾ

അതേസമയം, തമിഴ്നാട്ടിലെ നാഗപട്ടണത്ത് 65 കാരനായ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്നാഴ്ച മുൻപ് യുഎസിൽ നിന്ന് തിരിച്ചെത്തിയ ഡോക്ടർക്കാണ് രോഗബാധ.

ഡോക്ടറുടെ ക്ലിനിക്കിൽ പരിശോധനയ്ക്ക് പോയ എല്ലാ രോഗികളും പരിശോധന നടത്തണമെന്നും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 9751425002, 9500493022 എന്നീ നമ്പറുകളിൽ ഇതിനായി ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി.

Read in English: Tamil Nadu: Coronavirus patient booked for ‘spitting’ on doctor at govt hospital

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook