ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീഷണി കണക്കിലെടുത്തു പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. ലോക്‌സഭ ധനകാര്യ ബില്‍ ചര്‍ച്ചയില്ലാതെ ശബ്ദവോട്ടോടെ പാസാക്കി.

കൊറോണ വൈറസ് ഭീഷണി കാരണം രാജ്യം മുഴുവന്‍ അടച്ചിടലിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണു സഭ പിരിഞ്ഞത്. യഥാര്‍ഥത്തില്‍, ബജറ്റ് സമ്മേളനം ഏപ്രില്‍ മൂന്നിനാണ് അവസാനിക്കേണ്ടത്.

സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളമുയര്‍ന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു ഉച്ചയ്ക്ക് 1.30 ന് യോഗം വിളിച്ചിരുന്നു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പാര്‍ട്ടി എംപിമാര്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും പ്രഖ്യാപിച്ചിരുന്നു.

Read Also: ഞങ്ങൾ ഹാപ്പിയായി വീട്ടിലിരിക്കുന്നു; ഇറ്റലിയിൽ നിന്നും ഒരു കോവിഡ് ബാധിതൻ

കോവിഡ് -19 നെ നേരിടാന്‍ ആളുകളെ സഹായിക്കാനായി നിയോജകമണ്ഡലങ്ങളില്‍ തുടരണമെന്ന് എന്‍സിപി മേധാവി ശരദ് പവാര്‍ പാര്‍ട്ടി എംപിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ”എന്‍സിപിയുടെ ലോക്‌സഭാ, രാജ്യസഭാ എംപിമാര്‍ ഡല്‍ഹിയിലേക്കു മടങ്ങരുതെന്ന് അഭ്യര്‍ഥിക്കുന്നു. നിങ്ങള്‍ എവിടെയാണോ ഉള്ളത് ദയവായി അവിടെ തുടരുക. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളെയും സഹായിക്കുക,” പവാര്‍ ട്വിറ്ററില്‍ കുറിച്ചു.

കോവിഡ്-19 സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയന്‍, ബിജെപി എംപി ദുഷ്യന്ത് സിങ്, ജി20യിലെ പ്രധാനമന്ത്രിയുടെ പ്രതിനിധി സുരേഷ് പ്രഭു തുടങ്ങിയവര്‍ സ്വയം ഒറ്റപ്പെട്ടു കഴിയുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook