ന്യൂഡൽഹി: കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്കുള്ള ആശങ്കകൾ അകറ്റാൻ അവർക്ക് സൈക്യാട്രിക് കൗൺസിലിങ്ങിനുള്ള സൗകര്യം ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നിർദേശം. വ്യാജവാർത്തകൾ തടയുന്നതിനായി, കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പുറത്തുവിടുന്ന വെബ് പോർട്ടൽ 24 മണിക്കൂറിനകം സർക്കാർ ആരംഭിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വൈറസിനേക്കൾ കൂടുതൽ ജീവൻ നശിപ്പിക്കുന്നതാണ് പരിഭ്രാന്തിയെന്ന് കോടതി വിലയിരുത്തി.

Also Read: രാജ്യത്തെ 10 ഹോട്ട്‌സ്‌പോട്ടുകളില്‍ കാസര്‍ഗോഡും പത്തനംതിട്ടയും; പരിശോധന വ്യാപകമാക്കാന്‍ തീരുമാനം

രാജ്യത്ത് ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് കൂട്ടപ്പലായനം നടത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടികൾ ആവശ്യപ്പെട്ട്, അഭിഭാഷകരായ അലക് അലോക് ശ്രീവാസ്തവ, രശ്മി ബൻസാൽ എന്നിവർ സമർപ്പിച്ച വ്യത്യസ്ത പൊതു താൽപര്യ ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസ് എൽ.നാഗേശ്വര റാവു എന്നിവരുടെ ബഞ്ച് പരിഗണിച്ചത്. വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു കോടതി നടപടികൾ. ഹർജികൾ പരിഗണിച്ച കോടതി ഈ വിഷയത്തിൽ ഒരു ദിവസത്തിനുള്ളിൽ പ്രതികരണമറിയിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. പരിഭ്രാന്തിയും ഭീതിയും കൊറോണ വൈറസിനേക്കാൾ വലിയ പ്രശ്നമായി മാറുന്നതായി കോടതി നിരീക്ഷിച്ചിരുന്നു.

താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച തൊഴിലാളികൾക്ക് ഭക്ഷണവും വൈദ്യ സഹായവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. വൈറസ് ബാധയ്ക്ക് സാധ്യതയുള്ളതായി കണ്ടെത്തിയവരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും തൽസ്ഥിതി വിവരങ്ങൾ അധികൃതർ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

തൊഴിലാളികൾക്ക് കൗൺസിലിങ് നൽകുന്ന കാര്യം പരിഗണനയിലുള്ളതായി കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. കുടിയേറ്റ തൊഴിലാളികളും ദിവസക്കൂലിക്കാരും അടക്കം 22.8 ലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണം നൽകി. ഇവരെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും തുഷാർ മേത്ത അറിയിച്ചു.

കുടിയേറ്റ തൊഴിലാളികൾക്കെതിരെ പൊലീസിനെയോ മറ്റു സേനകളേയോ ഉപയോഗിക്കരുതെന്നും ചീഫ് ജസ്റ്റിസ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സന്നദ്ധ പ്രവർത്തകർക്ക് തൊഴിലാളികളുടെ ക്യാംപുകളുടെ ചുമതല നൽകണം. പൊലീസിനെ ഇതിനായി നിയോഗിക്കരുത്. ബലപ്രയോഗമുണ്ടാവാൻ പാടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കോവിഡ്-19 വ്യാപനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ മുൻകൂർ നടപടികൾ സ്വീകരിച്ചിരുന്നുവെന്നു തുഷാർ മേത്ത വാദിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ വിദേശത്തുനിന്നും എത്തുന്നവരെ വിമാനത്താവളങ്ങളിൽ തെർമൽ സ്ക്രീനിങ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അന്തർ സംസ്ഥാന അതിർത്തികൾ അടച്ചു

തൊഴിലാളികളുടെ പലായനം തുടരുന്ന സാഹചര്യത്തിൽ ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളുടെ അതിർത്തികൾ അടച്ചു. ഡൽഹിയടക്കമുള്ള നഗരങ്ങളിൽനിന്ന് സംസ്ഥാനത്ത് തിരിച്ചെത്തിയ തൊഴിലാളികൾ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന് ഉത്തർപ്രദേശ് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Also Read: മദ്യം വീട്ടിലെത്തിച്ച് കൊടുക്കാൻ മേഘാലയ സർക്കാരിന്റെ അനുമതി

ഹരിയാനയിൽ എല്ലാ ജില്ലകളിലും ഇതര സംസ്ഥാന തൊഴിലാളികൾക്കായി അഭയ കേന്ദ്രങ്ങൾ സജ്ജമാക്കിയതായാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. നിലവിൽ 461 അഭയ കേന്ദ്രങ്ങളിലേക്ക് തൊഴിലാളികളെ മാറ്റിയതായി ഹരിയാന സർക്കാർ വ്യക്തമാക്കി.  ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ ഹരിയാനയിലുണ്ട്. ഇവരുടെ വിവരങ്ങൾ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് കൈമാറിയിട്ടുണ്ട്. തൊഴിലാളികൾക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുന്ന കാര്യം അവർ ഉറപ്പുവരുത്തുമെന്ന് ഹരിയാന ചീഫ് സെക്രട്ടറി കേശ്നി ആനന്ദ് അറോറ പറഞ്ഞു.

സംസ്ഥാനത്ത് തിരിച്ചെത്തിയ തൊഴിലാളികൾ ക്വാറന്റൈനിൽ കഴിയുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. ഇതിനായുള്ള ചുമതല ഗ്രാമത്തലവർക്കും പ്രാദേശിക ഉദ്യോഗസ്ഥർക്കും നൽകുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook