ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് (കോവിഡ്-19) ബാധിതരുടെ എണ്ണം 73 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡൽഹിയിൽ 6 ഇന്ത്യക്കാർക്കും ഹരിയാനയിൽ 14 വിദേശികൾക്കും രോഗം സ്ഥിരീകരിച്ചു. തെക്കേ ഇന്ത്യയിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട്. 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നു പേർ രോഗവിമുക്തരായി. തമിഴ്നാട്ടിലും, തെലങ്കാനയിലും, പഞ്ചാബിലും ഓരോ ആൾക്ക് വീതവും കർണാടകയിൽ നാലു പേർക്കും രോഗം സ്ഥിരീകരിച്ചു.

രാജസ്ഥാനിൽ ഒരു ഇന്ത്യക്കാരനും രണ്ടു വിദേശികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ 10 ഇന്ത്യക്കാർക്കും ഒരു വിദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ 11 കേസുകളാണ് പോസിറ്റീവായത്. ജമ്മു കശ്മീരിൽ ഒരാൾക്കും ലഡാക്കിൽ മൂന്നു പേർക്കും രോഗം സ്ഥിരീകരിച്ചു.

Covid-19 Live Updates: കോട്ടയത്ത് കോവിഡ്-19 സ്ഥിരീകരിച്ചവർ സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

കൊറോണ വൈറസ് ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്തേക്കുള്ള എല്ലാ വിസകളും റദ്ദാക്കി. ഏപ്രിൽ 15 വരെ ഇന്ത്യയിലേക്ക് വിസ ലഭിക്കില്ല. അതിർത്തികൾ അടച്ചിടുന്നതിലൂടെ രോഗ പടരുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) കാർഡുള്ളവർക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ല. വെള്ളിയാഴ്ച മുതലായിരിക്കും വിസ വിലക്ക് നിലവിൽ വരുന്നത്. നയതന്ത്രം, ഔദ്യോഗികം, യുഎൻ അടക്കമുള്ള രാജ്യാന്തര ഏജൻസികൾ, തൊഴിൽ, പ്രോജക്ട് വിസകൾ ഒഴികെയുള്ളവയ്ക്കാണ് നിയന്ത്രണം വരുന്നത്. അടിയന്തരാവശ്യങ്ങൾക്ക് ഇന്ത്യയിലേക്കു വരേണ്ട വിദേശികൾ അതതിടത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook