ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനുകളായ കോവിഷീല്‍ഡിന്റെയും കോവാക്‌സിന്റെയും മുതിര്‍ന്നവരിലെ ഉപയോഗത്തിനുള്ള വിപണനത്തിന് അനുമതി. ചില നിബന്ധനകള്‍ക്ക് വിധേയമായാണു ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി.
നടന്നുകൊണ്ടിരിക്കുന്ന ക്ലിനിക്കല്‍ ട്രയലുകളുടെ ഡേറ്റ ഇരു വാക്‌സിനുകളും ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ സമര്‍പ്പിക്കണം. നിലവിലുള്ള സംവിധാനത്തിലേക്ക് വാക്‌സിനുകൾ നൽകുകയും വേണം. വാക്‌സിനേഷനു ശേഷമുള്ള പ്രതികൂല സംഭവങ്ങള്‍ നിരീക്ഷിക്കുന്നത് തുടരും.
രാജ്യത്ത് 163.84 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22 ലക്ഷത്തിലധികം ഡോസുകള്‍ നല്‍കി.
അതിനിടെ, രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇന്നു രാവിലെ ഒന്‍പതിന് അവസാനിച്ച കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.86 ലക്ഷം (2,86,364) കേസുകളാണു പുതുതായി സ്ഥിരീകരിച്ചത്.
3.06 ലക്ഷം (3,06,357) പേര്‍ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 22 ലക്ഷമായി (22,02,472) കുറഞ്ഞു. അതേസമയം, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അല്‍പ്പം ഉയര്‍ന്ന് 19.59 ശതമാനമായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 17.75 ശതമാനമാണ്.
Read More: രാജ്യത്ത് പുതിയ 2.86 ലക്ഷം കോവിഡ് രോഗികൾ; പോസിറ്റിവിറ്റി നിരക്കിൽ വർധനവ്