ന്യൂഡൽഹി: രാജ്യത്ത് പുതിയ 1,41,986 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 285 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 40,895 പേർ രോഗമുക്തി നേടി. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.28 ശതമാനമാണ്.
രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 3.071 ആയി. 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. 1,203 പേർ ഒമിക്രോണിൽനിന്നും രോഗമുക്തി നേടി.
അതേസമയം, മൂന്നാം കോവിഡ് ഡോസിന് അർഹതയുള്ളവർക്ക് ഓൺലൈൻ അപ്പോയിൻമെന്റ് എടുക്കുകയോ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തുകയോ ചെയ്യാവുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, 60 കഴിഞ്ഞ മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവർക്കു മാത്രമാണ് കരുതൽ ഡോസ് എന്ന നിലയിൽ നൽകുന്ന മൂന്നാം കോവിഡ് ഡോസിന് അർഹതയുള്ളത്.
”കോവിൻ പോർട്ടലിൽ പുതുതായി രജിസ്റ്റർ ചെയ്യേണ്ട. രണ്ടു കോവിഡ് ഡോസും എടുത്തവർക്ക് നേരിട്ട് അപ്പോയിൻമെന്റ് അല്ലെങ്കിൽ വാക്സിനേഷൻ കേന്ദ്രത്തിലെത്തിയോ മൂന്നാം ഡോസ് സ്വീകരിക്കാം. മൂന്നാം ഡോസിനുള്ള ബുക്കിങ് ഇന്നു വൈകീട്ട് മുതൽ തുടങ്ങും. ജനുവരി 10 മുതലാണ് വാക്സിൻ നൽകി തുടങ്ങുക,” മന്ത്രാലയത്തിലെ വൃത്തങ്ങൾ പറഞ്ഞു.
നേരത്തെയെടുത്ത അതേ വാക്സിനാണ് മൂന്നാം ഡോസായും നൽകുകയെന്ന് ഈ ആഴ്ച ആദ്യം സർക്കാർ വ്യക്തമാക്കിയിരുന്നു. രണ്ടാം ഡോസെടുത്ത് 9 മാസം (39 ആഴ്ച) പിന്നിട്ടവർക്കാണ് കരുതൽ ഡോസ് സ്വീകരിക്കാനാവുക.
Read More: ഇന്ത്യയിലെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ ആറു മടങ്ങ് കൂടുതലായിരിക്കുമെന്ന് പഠനം