ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2.09 ലക്ഷം പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ 2.34 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിടത്തു നിന്ന് വലിയ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 18,31,268 പേരാണ് നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. 94.37 ശതമാനമാണ് രോഗമുക്തി നിരക്ക്.
രോഗികളുടെ എണ്ണത്തിലെ കുറവനുസരിച്ചു പോസിറ്റിവിറ്റി നിരക്കി (ടിപിആർ)ലും നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. 15.77 ശതമാനമാണ് നിലവിലെ പ്രതിദിന ടിപിആർ. പ്രതിവാര രോഗബാധ നിരക്ക് 15.75 ശതമാനവുമാണ്. ഇന്നലെയിത് യഥാക്രമം 14.5 ശതമാനവും 16.4 ശതമാനവും ആയിരുന്നു.
അതേസമയം, കേരളത്തിൽ രോഗവ്യാപനം അതിതീവ്രമായി തുടരുകയാണ്. കഴിഞ്ഞ നാല് ദിവസമായി അരലക്ഷത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. 49.89 ശതമാനമാണ് ഇന്നലത്തെ പോസിറ്റിവിറ്റി നിരക്ക്.
Also Read: കോവിഡ് അവലോകനയോഗം ഇന്ന്; നിയന്ത്രണങ്ങൾ തുടരണമോയെന്ന കാര്യത്തിൽ തീരുമാനമുണ്ടാകും
അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനത്തേത് കുറഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കേസുകളുടെ എണ്ണത്തില്‍ നല്ല രീതിയില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് മൂന്നാം തരംഗത്തിന്റെ ആരംഭത്തില്‍ കേസുകളുടെ വളര്‍ച്ചാ നിരക്ക് 100 ശതമാനത്തിന് മുകളിലായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് 58 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കേസുകള്‍ കുത്തനെ ഉയര്‍ന്നെങ്കിലും ഇപ്പോള്‍ കുറയുന്ന ട്രെന്‍ഡിലേക്ക് എത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.