ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ 2,58,089 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37.38 ദശലക്ഷമായി ഉയർന്നു. 385 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതൊടെ ആകെ മരണസംഖ്യ 4,86,451 ആയി.
സജീവ രോഗികളുടെ എണ്ണം 16 ലക്ഷമായി. 16,56,341 പേരാണ് രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. അതേസമയം, രോഗമുക്തി നിരക്കിൽ നേരിയ വ്യത്യാസം വന്നിട്ടുണ്ട്. 94.27 ശതമാനമാണ് നിലവിലെ നിരക്ക്. ഇന്നലത്തെ അപേക്ഷിച്ച് 6.02 ശതമാനത്തിന്റെ വർധനവാണുള്ളത്.
രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹിയിലും മുംബൈയിലും പ്രതിദിന കോവിഡ് കേസുകളിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്. ഞായറാഴ്ച 18,286 പുതിയ കേസുകളും 28 മരണങ്ങളുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്, പോസിറ്റിവിറ്റി നിരക്ക് 30.64 ശതമാനത്തിൽ നിന്ന് 27.87 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 11 ദിവസമായി പ്രതിദിനം 10,000 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന മുംബൈയിൽ ഞായറാഴ്ച 7,895 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം, കോവിഡിനെതിരെയുള്ള ഇന്ത്യയുടെ വാക്സിനേഷൻ ഡ്രൈവ് ഒരു വർഷം പൂർത്തിയാക്കിയപ്പോൾ, ഇതുവരെ 157 കോടി ഡോസുകൾ നൽകിയതായി മന്ത്രാലയം അറിയിച്ചു.
Also Read: Covid-19: കോവിഡ് വാക്സിനേഷൻ ഒരുവർഷം പിന്നിടുമ്പോൾ ആകെ നൽകിയത് 156.76 കോടി ഡോസ്