ഇന്ത്യയുടെ വാക്സിനേഷൻ യജ്ഞം ഒരു വർഷം പൂർത്തിയാക്കിയപ്പോൾ, 156.76 കോടി ഡോസ് വാക്സിനുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം. ഞായറാഴ്ചയാണ് വാക്സിനേഷൻ യജ്ഞം ഒരു വർഷം പിന്നിട്ടത്. മുതിർന്നവരിൽ 92 ശതമാനം പേർക്കും കുറഞ്ഞത് ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 68 ശതമാനത്തിലധികം പേർക്കും പൂർണമായി വാക്സിനേഷൻ ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജനുവരി 16 ന് ആരോഗ്യ പ്രവർത്തകർക്ക് ആദ്യ ഘട്ടത്തിൽ കുത്തിവയ്പ്പ് നൽകിയതോടെയാണ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. മുൻനിര പ്രവർത്തകരുടെ വാക്സിനേഷൻ ഫെബ്രുവരി രണ്ടിനും ആരംഭിച്ചു.
രാജ്യത്ത് വാക്സിനേഷൻ പരിപാടി ആരംഭിച്ചതിന്റെ ഒരു വർഷം തികയുന്ന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിവേഷനുമായി ബന്ധപ്പെട്ട “ഓരോ വ്യക്തികളെയും” അഭിവാദ്യം ചെയ്തിരുന്നു. വാക്സിനേഷൻ പ്രോഗ്രാം കോവിഡ് -19 നെതിരായ പോരാട്ടത്തിന് വലിയ ശക്തി പകർന്നുവെന്നും പ്രധാമന്ത്രി പറഞ്ഞു.
“ഇന്ന് നമ്മൾ വാക്സിനേഷൻ യജ്ഞത്തിന്റെ ഒരു വർഷം ആഘോഷിക്കുന്നു. വാക്സിനേഷൻ യജ്ഞവുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ഞങ്ങളുടെ വാക്സിനേഷൻ പദ്ധതി കോവിഡ്-19നെതിരായ പോരാട്ടത്തിന് വലിയ ശക്തി പകർന്നു. ഇത് ജീവൻ രക്ഷിക്കുന്നതിനും ഉപജീവനമാർഗങ്ങൾ സംരക്ഷിക്കുന്നതിനും സഹായകമായി, ”പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,71,202 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഞായറാഴ്ച രാവിലെ വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ശനിയാഴ്ചത്തെ അണുബാധകളേക്കാൾ നേരിയ തോതിൽ കൂടുതലാണ് ഇത്. പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനത്തിൽ നിന്ന് 16.28 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 314 കോവിഡ് -19 മരണങ്ങളും രേഖപ്പെടുത്തി, ഇതോടെ ആകം മരണസംഖ്യ 4,86,066 ആയി.
കോവിഡ് ബാധയിൽ നിന്ന് 1,38,331 പേർ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം ഇപ്പോൾ 15,50,377 ആണ്. രാജ്യത്തുടനീളം ഇതുവരെ 7,743 ഒമൈക്രോൺ കേസുകൾ കണ്ടെത്തിയിട്ടുണ്ട്.