ന്യൂയോർക്ക്: പെട്രോളിയം ഉൽപന്നങ്ങളുടെ സംഭരണത്തിന് സ്ഥലം കണ്ടെത്താനാവാതെ എണ്ണ ഉൽപാദകരും റിഫൈനറികളും. കോവിഡ്-19 ഭീഷണിയും ലോക്ക്ഡൗൺ നടപടികളും കാരണം പെട്രോളിയം ഉൽപന്നങ്ങളുടെ ഉപഭോഗം കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. ഉൽപാദനം കുറഞ്ഞദിനനുസരിച്ച് എണ്ണ ഉൽപാദനം കുറയ്ക്കാനാവില്ലെന്നതും പ്രതിസന്ധി തുടരാൻ കാരണമാവുന്നു.

പെട്രോളിയം ഉൽപന്നങ്ങൾ സൂക്ഷിക്കാൻ കപ്പലുകളും തീവണ്ടികളുടെ ബോഗികളും ഒഴിഞ്ഞ പൈപ്പ് ലൈനുകളും മുതൽ ഉപ്പു ഗുഹകളെ വരെ ആശ്രയിക്കുന്ന അവസ്ഥയിലാണ് എണ്ണ ഉൽപാദകരും റിഫൈനറികളും. കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ മാത്രം മൂന്നു കോടിയിലധികം ബാരൽ പെട്രോളിയം ഉൽപന്നങ്ങൾ കപ്പലുകളിലേക്ക് മാറ്റുന്നതിനുള്ള ബുക്കിങ് നടന്നതായി എണ്ണ വ്യാപാരികൾ അറിയിച്ചു. ജെറ്റ് ഇന്ധനവും പെട്രോളും ഡീസലുമാണ് ഈ എണ്ണക്കപ്പലുകളിലേക്ക് മാറ്റുന്നതിന് ധാരണയായത്.

താൽക്കാലിക എണ്ണ സംഭരണികളായാണ് ഈ കപ്പലുകളെ ഉപയോഗിക്കുക. കരകളിലുള്ള സംഭരണ സംവിധാനങ്ങളിലേക്കുള്ള ബുക്കിങ്ങ് നേരത്തേ തന്നെ പൂർത്തിയായെന്നും ഇനി സ്ഥലം ലഭിക്കാൻ സാധ്യതയില്ലെന്നും എണ്ണ വ്യാപാരികൾ പറയുന്നു. മറ്റ് പെട്രോളിയം ഉൽപന്നങ്ങൾക്ക് പുറമേ 13 കോടിയോളം അസംസ്കൃത എണ്ണ ഇതിനകം എണ്ണക്കപ്പലുകളിലേക്ക് മാറ്റിയിട്ടുള്ളതായാണ് ആഗോള ഷിപ്പിങ് രംഗത്തുനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.

Also Read: Explained: അസംസ്‌കൃത എണ്ണയുടെ വില പൂജ്യം ഡോളറിനും താഴേക്ക് പതിച്ചതെങ്ങനെ?

കോവിഡ് ഭീഷണിയെത്തുടർന്ന്, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ലോക്ക്ഡൗൺ നടപടികളും, വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണങ്ങളും വന്നതോടെ ആഗോള തലത്തിൽ എണ്ണയുടെ ആവശ്യത്തിൽ 30 ശതമാനത്തോളമാണ് കുറവുണ്ടായത്. എന്നാൽ ഈ കാലയളവിലും എണ്ണ ഉൽപാദനം പഴയത് പോലെ തുടരുകയും ചെയ്തു. എണ്ണ ഉൽപാദനം കുറയ്ക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്യുന്നത് ഭീമമായ ചിലവ് വരുത്തുന്ന പ്രക്രിയയാണ്. ഇതിനാൽ എണ്ണ ഉൽപാദനം കുറയ്ക്കുകയെന്നത് ഉൽപാദക രാജ്യങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന നടപടിയാണ്.

പെട്രോളിയം ഉൽപാദനം കുറയ്ക്കുന്നതിനുള്ള ഒരു കരാറിൽ റഷ്യയും, ഒപെക് രാജ്യങ്ങളും അടക്കമുള്ള പ്രധാന എണ്ണ ഉൽപാദകർ ധാരണയിലെത്തിയിരുന്നു. എന്നാൽ 10 ശതമാനം മാത്രമാണ് ഈ കരാർ പ്രകാരം ഉൽപാദനം കുറയ്ക്കാനാവുക. മേയ് മാത്രത്തിൽ മാത്രമേ ഈ കരാർ പ്രകാരമുള്ള നടപടികൾ ആരംഭിക്കാനാവുകയുള്ളൂവെന്ന പ്രശ്നവും നിലനിൽക്കുന്നു. ലോകത്തെ മൊത്തം എണ്ണ സംഭരണ ശേഷി എത്രയെന്ന് അളക്കുന്നത് പ്രയാസമേറിയ കാര്യമാണ്. പക്ഷേ, നിലവിൽ ഈ സംഭരണ ശേഷി പൂർണമായി ഉപയോഗപ്പിടുത്തിക്കഴിഞ്ഞെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കപ്പലുകളിലേക്ക് എണ്ണ മാറ്റുന്നത്, കരയിലെ സംഭരണ ശേഷി പൂർണണായും ഉപയോഗിച്ചുകഴിഞ്ഞുവെന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു. കരയിൽ എണ്ണ സൂക്ഷിക്കുന്നതിലും ചിലവേറിയ പ്രക്രിയയാണ് കടലിലേക്ക് മാറ്റുന്നത്. സാങ്കേതികമായി പ്രയാസമേറിയ പ്രക്രിയയുമാണിത്. അസാധാരണമായ പല നടപടികളും എണ്ണ സംഭരണത്തിനായി പെട്രോളിയം ഉൽപാദകറും റിഫൈനറികളും ഇതിനകം പരീക്ഷിച്ചു കഴിഞ്ഞു. യുഎസിന്റെ വടക്കൻ മേഖലയിൽ ചരക്കു ട്രെയിൻ ബോഗികൾ സംഭരണത്തിനുപയോഗിച്ചിട്ടുണ്ട്. ഉപയോഗിക്കാതെ വച്ചിരുന്ന പൈപ്പ് ലൈനുകളിലേക്കും എണ്ണ ശേഖരം മാറ്റിയിട്ടുണ്ട്.

Also Read: കോവിഡിന്റെ രണ്ടാം വരവ് അതിഭീകരമായിരിക്കുമെന്ന് അമേരിക്ക

സ്വീഡനിലും മറ്റ് സ്കാൻഡിനേവിയൻ രാജ്യങ്ങളിലുമുള്ള ഉപ്പ് ഗുഹകൾ പൂർണമായും എണ്ണ സംഭരണത്തിനായി ഉപയോഗിക്കാൻ നടപടി ആരംഭിച്ചിരുന്നു. ” വ്യത്യസ്തമായ സ്ഥലങ്ങൾ എണ്ണ സംഭരണത്തിന് ഉപയോഗിക്കാൻ കഴിയുമോ എന്നാണ് ഞങ്ങൾ പരിശോധിക്കുന്നത്. കണ്ടെത്താൻ പ്രയാസമേറിയതെങ്കിലും എണ്ണ സംഭരണത്തിന് അനുകൂലമായ സാഹച്യമുള്ള ഇടങ്ങളാണ് അന്വേഷിക്കുന്നത്” – റോട്ടർഡാമിലെ ഒഡിഐഎൻ ആർവിബി ടാങ്ക് സ്റ്റോറേജ് സൊല്യൂഷനിലെ ഓയിൽ ബ്രോക്കറായ ക്രിയേൻ വാൻ ബീക്ക് പറഞ്ഞു.

യുഎസിൽ ന്യൂയോർക്കിലെയും ഹൂസ്റ്റണിലെയും ആഴക്കടൽ തുറമുഖങ്ങൾ സംഭരണത്തിനായി ഉപയോഗിക്കാമെങ്കിലും കോവിഡ് കാരണം അവിടെ അടച്ചിട്ടിരിക്കുകയാണെന്ന് യുഎസിലെ ദ ടാങ്ക് ടൈഗർ എണ്ണ സംഭരണ ഏജൻസി ചീഫ് എക്സിക്യൂട്ടീവ് എൻറീ ബർസാമിയാൻ പറഞ്ഞു. പ്രാദേശിക റിഫൈനറികൾ കരയിലെ സംഭരണ കേന്ദ്രങ്ങൾ മുഴുവൻ ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്നു. ട്രെയിൻ ബോഗികളടക്കമുള്ള പകരം സംവിധാനങ്ങൾ എണ്ണ സംഭരണത്തിനായി ഉപയോഗിക്കുന്നത് വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ എണ്ണ സംഭരിക്കാൻ കുറച്ചെങ്കിലും സാധ്യതയുള്ള സ്ഥലങ്ങളിൽ ടാങ്കർ ഉടമകൾ വലിയ തുകയാണ് വാടകയായി ചോദിക്കുന്നതെന്ന് യുഎസിലെ ഇടനിലക്കാർ പറയുന്നു. സാധാരണ ഗതിയിൽ 12 മാസത്തെ വാടകയാണ് ടാങ്കർ ഉടമകൾ മുൻകൂർ വാങ്ങാറുള്ളതെങ്കിൽ ഇപ്പോഴവർ രണ്ടുവർഷത്തേക്കും മൂന്നുവർഷത്തേക്കുമുള്ള വാടക മുൻകൂറായി ആവശ്യപ്പെടുന്നുവെന്നും ഇടനിലക്കാർ പറയുന്നു.

Read More: Ships, trains, caves: Oil traders chase storage space in world awash with fuel

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook