ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. നാലു ദിവസം കൊണ്ടാണ് 40,000 ത്തിൽനിന്നും 50,000 ത്തിലേക്ക് എത്തിയത്. ഒരു ദിവസം കൊണ്ട് 3500 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മുംബൈ നഗരത്തിൽ മാത്രം 10,000 ത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആഗോളതലത്തിൽ ഇന്ത്യയെക്കാൾ കൂടുതൽ കോവിഡ് രോഗികളുളളത് 13 രാജ്യങ്ങളിൽ മാത്രമാണ്. ഇതിലൊരു രാജ്യം പെറുവാണ്. 55,000 കോവിഡ് കേസുകളാണ് ഇവിടെയുളളത്. നിലവിലെ സ്ഥിതി അനുസരിച്ച് ഈ കണക്ക് മറികടക്കാൻ ഇന്ത്യയ്ക്ക് അധികം ദിവസം വേണ്ടിവരില്ല.

Read Also: Covid 19 Kerala Gulf Evacuation Live Updates: പ്രവാസികളെ കാത്ത് കേരളം, ഒരുക്കങ്ങൾ വിപുലം

നിലവിൽ ഏഴു സംസ്ഥാനങ്ങളിലാണ് 3,000 അല്ലെങ്കിൽ അതിലധികം കേസുകളുളളത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്നാട്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവയാണവ. നിലവിലെ 52,800 കേസുകളിൽ 43,000 കേസുകളും ഈ 7 സംസ്ഥാനങ്ങളിലായിട്ടാണ്. അതായത് മൊത്തം കേസുകളിൽ 80 ശതമാനത്തിലധികവും.

ബുധനാഴ്ച 3,469 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. മേയ് 4 ഒഴിച്ചാൽ, ഒരു ദിവസത്തിലെ ഏറ്റവും കൂടിയ എണ്ണമാണിത്. മേയ് 4 ന് 3,800 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ചത്തെ കണക്കുകളിൽ 2,000 ത്തോളം കേസുകളും മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലായിട്ടാണ്. ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിലായി 800 കേസുകളും.

മഹാരാഷ്ട്രയിൽ പുതുതായി റിപ്പോർട്ട് ചെയ്ത 1,233 കേസുകളിൽ 769 എണ്ണവും മുംബൈ നഗരത്തിലാണ്. മുംബൈ നഗരത്തിൽ രോഗബാധിതരുടെ എണ്ണത്തിൽ അതിവേഗ വർധനവാണ് രേഖപ്പെടുത്തുന്നത്. മുംബൈ നഗരത്തിൽ ടെസ്റ്റ് നടത്തിയവരിൽ 15 ശതമാനത്തോളം പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ആഗോളതലത്തിൽ ഇത് 3 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 12.75 ലക്ഷം പേർക്കാണ് ടെസ്റ്റ് നടത്തിയത്. ഇതിൽ 53,000 പേർക്ക് പോസിറ്റീവായി. മുംബൈയിൽ 73,000 ടെസ്റ്റുകൾ നടത്തിയതിൽനിന്നാണ് 10,000 ത്തോളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

Read in English: Coronavirus numbers explained: From 40,000 to 50,000 cases in just four days

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook