ന്യൂഡൽഹി: കോവിഡ്-19 ഭീഷണിയെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഭാഗിക ഇളവു വരുന്നതോടെ ഓൺലെെൻ വ്യാപാര സ്ഥാപനങ്ങൾ വഴി മൊബെെൽ ഫോണും ടെലിവിഷനുമടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും വിൽക്കാൻ കഴിയുമെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ. ഈ മാസം 20 മുതലാണ് ലോക്ക്ഡൗണിൽ ഭാഗിക ഇളവ് വരുന്നത്. ഇതിന്റെ ഭാഗമായി ഇ കൊമേഴ്സ് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
ഭക്ഷ്യ വസ്തുക്കളും മരുന്നും അടക്കമുള്ള അവശ്യ വസ്തുക്കൾ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാമെന്നും ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതിനായി ജില്ലാ അധികൃതര്‍ ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണമെന്നും, ലോക്ക്ഡൗൺ മെയ് മൂന്നു വരെ ദീർഘിപ്പിച്ചതുമായി ബന്ധപ്പെട്ട, കേന്ദ്രസർക്കാരിന്റെ മാർഗ നിർദേശങ്ങളിൽ പറയുന്നു. ഇതോടൊപ്പമാണ് ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ക്ക് 20 മുതൽ പ്രവര്‍ത്തനാനുമതി നൽകുന്നതായി വ്യക്തമാക്കുന്നത്.
Also Read: വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കേണ്ട തീയതി നീട്ടി
ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങൾക്ക് അവശ്യ വസ്തുക്കൾ മാത്രം വിൽക്കാനല്ല മറ്റ് ഉൽപ്പന്നങ്ങൾ കൂടി വിൽക്കുന്നതിനാണ് അനുമതിയെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ പ്രറഞ്ഞതായി വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. 20 മുതൽ മൊബെെൽ ഫോൺ, ലാപ്ടോപ്, ടെലിവിഷൻ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഇ കൊമേഴ്സ് സ്ഥാപനങ്ങൾ വഴി ലഭ്യമാവും. ഫ്ലിപ് കാർട്ട്, ആമസോൺ, സ്നാപ് ഡീൽ എന്നിവ അടക്കമുള്ള ഇ കൊമേഴ്സ് സ്ഥാപനങ്ങൾക്ക് ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കും. എന്നാൽ ഇവരുടെ ഡെലിവറി വാഹനങ്ങൾ റോഡിലിറക്കാൻ പ്രത്യേക അനുമതി വേണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ലോക്ക്ഡൗൺ സമയത്ത് ഭക്ഷണവും മരുന്നും അടക്കമുള്ള അവശ്യ വസ്തുക്കൾ വിൽക്കുന്നതിനായിരുന്നു ഇതിനു മുൻപ് ഓൺലെെൻ വ്യാപാര സ്ഥാപനങ്ങൾക്ക് അനുവാദം നൽകിയിരുന്നത്. പുതിയ വിജ്ഞാപനത്തിൽ അവശ്യ വസ്തുക്കൾ എന്ന് പറഞ്ഞിട്ടില്ലെന്നും മറ്റ് ഉൽപന്നങ്ങളും വിൽക്കാമെന്നും മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.
ലോക്ക്ഡൗൺ കാരണം ഓൺലെെൻ വ്യാപാര രംഗത്തുണ്ടായ മരവിപ്പ് മാറ്റുന്നതിനാണ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും മറ്റും വിൽപന അനുവദിച്ചതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25 മുതലായിരുന്നു രാജ്യത്ത് ലോക്ക്ഡൗൺ നിലവിൽ വന്നത്. ഈ മാസം 14ന് അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡൗൺ മെയ് മൂന്നു വരെ ദീർഘിപ്പിക്കുകയായിരുന്നു. ഇതൊടൊപ്പം ഈ മാസം 20 മുതൽ ലോക്ക്ഡൗണിൽ ഭാഗിക ഇളവ് നൽകാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. മുമ്പ് ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്ത ഉൽപന്നങ്ങള്‍ വിതരണം ചെയ്യുന്നതിൽ ലോക്ക്ഡൗണിനെത്തുടർന്ന് ഇ കൊമേഴ്സ് സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഉൽപന്നങ്ങൾ ലഭ്യമല്ലെന്ന അറിയിപ്പാണ് ഈ കാലയളവിൽ അവര്‍ വെബ്‌സൈറ്റുകളില്‍ നല്‍കിയിരുന്നത്.
Also Read: ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി
സാമൂഹിക അകലം പാലിച്ചാവണം ഇ കൊമേഴ്സ് സേവനങ്ങളുടെയും അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനമെന്ന് കേന്ദ്രസർക്കാർ ബുധനാഴ്ച പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ പറയുന്നു. ട്രക്കുകളടക്കമുള്ള ചരക്ക് വാഹനങ്ങൾക്കും യാത്രാ അനുമതി നൽകും. രണ്ടു ഡ്രെെവർമാർക്കും ഒരു സഹായിക്കും ട്രക്കിൽ യാത്ര ചെയ്യാം. ഡ്രെെവിങ് ലെെസൻസ് അടക്കമുള്ള രേഖകൾ അവരുടെ കെെവശം ആവശ്യമാണെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
Read More: Mobiles, TVs, refrigerators to be available on e-commerce platforms from Apr 20