ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും എണ്ണായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 8,329 കേസുകളും 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണിത്. 24 മണിക്കൂറിനുള്ളിൽ 4,103 സജീവ കേസുകൾ കൂടി രേഖപ്പെടുത്തിയതോടെ മൊത്തം സജീവ കേസുകളുടെ എണ്ണം 40,370 ആയി.
മഹാരാഷ്ട്രയിൽ 3,081 പുതിയ കോവിഡ് കേസുകളും കേരളത്തിൽ 2,471 കേസുകളുമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 1,956 കേസുകളും മുംബൈയിൽ നിന്നാണ്. ജനുവരി 23ന് ശേഷം ആദ്യമായാണ് മുംബൈയിൽ കേസുകൾ ഇത്രയും ഉയരുന്നത്. കേസുകളിൽ 15 ശതമാനം വർദ്ധനവാണ് ഒറ്റ ദിവസം രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 12.74 ശതമാനത്തിലെത്തി.
കേരളത്തിൽ ഇത് തുടർച്ചയായ നാലാം ദിനമാണ് കേസുകൾ രണ്ടായിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനത്തിന് മുകളിലാണ്. എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ രോഗബാധിതർ. എറണാകുളത്ത് ഇന്നലെ മാത്രം 750 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 14,000 കടന്നു.
Also Read: കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്