ന്യൂഡല്‍ഹി: മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട കോവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ ഒരാള്‍കൂടി മരിച്ചു. ഡല്‍ഹി ജനക്പുരി സ്വദേശിയായ അറുപത്തി ഒന്‍പതുകാരിയാണു മരിച്ചത്. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ടായി. കര്‍ണാടക കലബര്‍ഗി സ്വദേശിയായ എഴുപത്തിയാറുകാരന്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു.

രോഗം ബാധിച്ച 81 പേരിൽ 64 പേര്‍ ഇന്ത്യക്കാരും 16 പേര്‍ ഇറ്റലിക്കാരും ഒരാള്‍ കനേഡിയന്‍ പൗരനുമാണെന്ന് ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.42,296 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 2,559 പേര്‍ രോഗലക്ഷണങ്ങളുണ്ട്. 172 വിദേശികള്‍ ഉള്‍പ്പെടെ 522 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥയില്ലെന്നും പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

Also Read: ഇറ്റലിക്കാരനുൾപ്പെടെ കേരളത്തിൽ രണ്ടുപേർക്കു കൂടി കൊറോണ

അതിനിടെ, കൊറോണ വൈറസിനെതിരെ പോരാടാന്‍ സാര്‍ക്ക് രാജ്യങ്ങളുടെ നേതൃത്വം സംയുക്ത തന്ത്രം മെനയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. തന്ത്രങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ചചെയ്യാമെന്നും സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിക്കുന്നത് ലോകത്തിനു മാതൃകയാണെന്നും മോദി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. മോദിയുടെ നിര്‍ദേശത്തെ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഉള്‍പ്പെടെയുള്ള വിവിധ ദക്ഷിണേക്ഷ്യന്‍ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ സ്വാഗതം ചെയ്തു.

18 ചെക്ക് പോസ്റ്റുകള്‍ അടച്ചു

രാജ്യത്തെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ 18 എണ്ണം അടച്ചു. 19 എണ്ണത്തിലൂടെ ഗതാഗതം അനുവദിക്കണമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ അനില്‍ മാലിക് പറഞ്ഞു. ഭൂട്ടാന്‍, നേപ്പാള്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം തുടരും. ഏപ്രില്‍ 15 വരെ ഇന്തോ-ബംഗ്ലാദേശ് പാസഞ്ചര്‍ ബസുകളും ട്രെയിനുകളും നിര്‍ത്തിവയ്ക്കും. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നാല് ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കും.

ഏപ്രില്‍ 15 വരെ നയതന്ത്രം, തൊഴില്‍ തുടങ്ങിയ ചില വിഭാഗങ്ങള്‍ ഒഴികെയുള്ളഎല്ലാ വിസകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഈ ആഴ്ച ആദ്യം കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഏപ്രില്‍ 15 വരെ അതിര്‍ത്തികള്‍ അടച്ചു. ഒരു മാസത്തോളം വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഇതു സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ദോഷകരമായി ബാധിക്കും.

Also Read: ജിമ്മുകളും തിയേറ്ററുകളും അടച്ചിടും; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

മഹാരാഷ്ട്രയില്‍ തിയറ്ററുകള്‍ അടച്ചു

മൂന്ന് പരിശോധനാ ഫലങ്ങള്‍ കൂടി പോസിറ്റീവായതോടെ മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 17 ആയി. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് 1897 ലെ പകര്‍ച്ചവ്യാധി നിയമം നടപ്പാക്കിക്കൊണ്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉത്തരവിട്ടു. വെള്ളിയാഴ്ച ”ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, മുംബൈ, നവി, മുംബൈ, താനെ, പിംപ്രി ചിഞ്ച്വാഡ്, നാഗ്പൂര്‍ എന്നിവിടങ്ങളിലെ തിയേറ്ററുകള്‍ മാര്‍ച്ച് 30 വരെ അടയ്ക്കും. മഹാരാഷ്ട്ര നിയമസഭയിലാണ് താക്കറെ ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ് ഭീഷണി കണക്കിലെടുത്ത് സാധ്യമാകുന്നിടത്തെല്ലാം കമ്പനികള്‍ ജീവനക്കാരെ വീട്ടില്‍നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് താക്കറെ നിര്‍ദേശിച്ചു. മേല്‍പ്പറഞ്ഞ ഏഴ് നഗരങ്ങളിലെ എല്ലാ മത, രാഷ്ട്രീയ, സാംസ്‌കാരിക, കായിക പരിപാടികളും നിര്‍ത്തിവയ്ക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. നേരത്തെ അനുവദിച്ച അനുമതി റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

വൈറസ് ബാധിച്ച് ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും കര്‍ണാടകയില്‍ സര്‍ക്കാര്‍ ഒരാഴ്ചത്തേക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
സ്‌കൂളുകളും കോളേജുകളും അടച്ചു. കോച്ചിങ് ക്ലാസുകള്‍ നിര്‍ത്താനും മാളുകള്‍, സിനിമാ തിയറ്ററുകള്‍, പബ്ബുകള്‍, രാത്രി ക്ലബ്ബുകള്‍, എക്‌സിബിഷനുകള്‍, സ്വിമിങ് പൂളുകള്‍, കളിസ്ഥലങ്ങള്‍,എന്നിവ പൂട്ടാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംഗീത ഫെസ്റ്റുകള്‍ / ക്ലബ് ഇവന്റുകള്‍ സമ്മര്‍ ക്യാമ്പുകള്‍, കായിക മത്സരങ്ങള്‍ എന്നിവ നിര്‍ത്തിവയ്ക്കും. സമ്മേളനങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍, വിവാഹങ്ങള്‍, മേളകള്‍, വലിയ സമ്മേളനങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ റദ്ദാക്കിയതായും മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അറിയിച്ചു.

ജീവനക്കാരെ വീട്ടില്‍നിന്ന് ജോലിചെയ്യാന്‍ അനുവദിക്കാന്‍ ഐടി /ബിടി കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയ സര്‍ക്കാര്‍ വിദേശ യാത്രകള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടു. രാജ്യാന്ത യാത്രക്കാര്‍ കര്‍ണാടകയിലെത്തിയതു മുതല്‍ 14 ദിവസം നിര്‍ബന്ധിമായി ഹോം ക്വാറന്റൈനില്‍ കഴിയണം.

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചു

കൊറോണ വൈറസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകള്‍, കോളേജുകള്‍, സിനിമാ ഹാളുകള്‍ എന്നിവ പൂട്ടാന്‍ ഉത്തരവിട്ടു. സര്‍ക്കാര്‍, പ്രൈവറ്റ് ഓഫീസുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പൊതു സ്ഥലങ്ങളും അണുവിമുക്തമാക്കുന്നതു നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ ഫ്‌ളാറ്റുകള്‍ ക്വാറന്റൈന്‍ സൗകര്യത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആറായി ഉയര്‍ന്നു.

ഐഐടി കാണ്‍പൂര്‍ അടച്ചു

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാണ്‍പൂര്‍ മുന്‍കരുതല്‍ നടപടിയായി എല്ലാ ക്ലാസുകളും പരീക്ഷകളും മാര്‍ച്ച് 29 വരെ നിര്‍ത്തിവച്ചു. മിഡ് സെമസ്റ്റര്‍ ഇടവേള മാര്‍ച്ച് 29 വരെ നീട്ടുമെന്ന് ഡയരക്ടര്‍ അഭയ് കരണ്ടിക്കര്‍ അറിയിച്ചു.
16 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനിരുന്നതായിരുന്നു. വീട്ടിലേക്ക് പോയവര്‍ 29 വരെ കാമ്പസിലേക്ക് മടങ്ങരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ജമ്മു കശ്മീരില്‍ വൈറസ് ബാധിതര്‍ രണ്ടായി

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ ഒരാള്‍ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിവടെ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായി.
1,743 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 1485 പേര്‍ വീടുകളിലും 18 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 85 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതില്‍ 77 എണ്ണം നെഗറ്റീവ് ആണ്. ആറ് കേസുകളുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ജമ്മു ജില്ലയിലുടനീളമുള്ള ഷോപ്പിങ് മാളുകള്‍, ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ ക്ലബ്ബുകള്‍ എന്നിവ പൂട്ടാന്‍ ഭരണകൂടം ഉത്തരവിട്ടു. 31 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാവും.

പഞ്ചാബില്‍ കോളേജുകളും സര്‍വകലാശാലകളും അടച്ചു

31 വരെ സര്‍ക്കാര്‍, സ്വകാര്യ കോളേജുകളും സര്‍വകലാശാലകളും അടയ്ക്കകാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണു തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ത്രിപ്ത് രാജീന്ദര്‍ സിംഗ് ബജ്വ പറഞ്ഞു. വൈറസ് പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉന്നത വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ഇസ്രായേല്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ എയര്‍ ഇന്ത്യ റദ്ദാക്കി. ഏപ്രില്‍ 30 വരെ കുവൈത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇറ്റലി, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ മിക്ക യൂറോപ്യന്‍ റൂട്ടുകളിലും സര്‍വീസ് വെട്ടിക്കുറച്ചിരുന്നു.

ഇറ്റലിയില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കും

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യ മിലാനിലേക്ക് വിമാനം അയയ്ക്കും. നാളെ ഉച്ചയ്ക്ക് പുറപ്പെടുന്ന വിമാനം ഞായറാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ജോയിന്റ് സെക്രട്ടറി റുബീന അലി അറിയിച്ചു. ഇറ്റലിയിലെ മിലാനിലും പരിസരത്തും 220 ഓളം വിദ്യാര്‍ഥികളുണ്ട്. ഇവരെ തിരികെ കൊണ്ടുവരികയെന്നതാണ് ഞങ്ങളുടെ മുന്‍ഗണനയെന്നും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ദമ്മു രവി പറഞ്ഞു.

ഇറാനില്‍ കുടുങ്ങിയ 44 ഇന്ത്യക്കാരുമായി ഇറാന്‍ എയര്‍ വ്യോമ വിമാനം ഇന്ന് മുംബൈയിലെ വിമാനത്താവളത്തില്‍ വന്നിറങ്ങി. ഇറാനില്‍നിന്നുള്ള രണ്ടാമത്തെ ഒഴിപ്പിക്കലാണിത്.കഴിയാഞ്ഞ 58 പേരെ എത്തിച്ചിരുന്നു. ഇറാനിലെ വിവിധ പ്രവിശ്യകളിലായി 6,000 ഇന്ത്യക്കാരാണു കുടുങ്ങിക്കിടക്കുന്നത്.

മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍ അവശ്യവസ്തുക്കള്‍

എന്‍ 95 ഉള്‍പ്പെടെയുള്ള മാസ്‌കുകളും ഹാന്‍ഡ് സാനിറ്റൈസറുകളും ‘അവശ്യവസ്തുക്കളായി’ കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇവ ന്യായവിലയ്ക്ക് ഉറപ്പുവരുത്താനും പൂഴ്ത്തിവയ്പുകാരെയും കരിഞ്ചന്ത വ്യാപാരികളെ തകര്‍ക്കാതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. അവശ്യ ചരക്കുനിയമപ്രകാരമാണു മാസ്‌കുകളും (2 പ്ലൈ, 3 പ്ലൈ സര്‍ജിക്കല്‍ മാസ്‌കുകള്‍, എന്‍ 95 മാസ്‌കുകള്‍) ഹാന്‍ഡ് സാനിറ്റൈസറുകളും ജൂണ്‍ 30 വരെ അവശ്യവസ്തുക്കളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Also Read: കോവിഡ്-19: ജയിലുകളിൽ മാസ്കുകൾ നിർമിക്കുമെന്ന് പിണറായി വിജയൻ

പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഒരു വ്യക്തി ഫലപ്രദമായ സാമൂഹിക അകലം പാലിക്കുകയാണെങ്കില്‍ മാസ്‌ക് എപ്പോഴും ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ലക്ഷത്തോളം ടെസ്റ്റിങ് കിറ്റുകള്‍ ലഭ്യമാണ്. അധിക ടെസ്റ്റിങ് കിറ്റുകള്‍ക്ക്് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 52 പരിശോധനാ കേന്ദ്രങ്ങള്‍ രാജ്യത്തുണ്ടെന്നും മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

കൊറോണ വൈറസ് ചൂടിനെ അതിജീവിക്കില്ലെന്നതിനു തെളിവുകളില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഡോ. ആര്‍. ഗംഗാഖേത്കര്‍ പറഞ്ഞു. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ കേള്‍ക്കൂയെന്നു സുപ്രീം കോടതി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസുകളില്‍ ഹാജരാകുന്ന അഭിഭാഷകരെയും കേസുമായി ബന്ധമുള്ളവരെയും മാത്രമെ കോടതി മുറികളില്‍ അനുവദിക്കൂ. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. കോടതി സമുച്ചയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ബോംബെ ഹൈക്കോടതി ഹര്‍ജിക്കാരോടും അഭിഭാഷകരോടും ആവശ്യപ്പെട്ടു.

ലോകത്ത് മരണം അയ്യായിരം കവിഞ്ഞു

കൊറോണ വൈറസ് ബാധിച്ച് ലോകത്തെമ്പാടുമായി മരണസംഖ്യ 5,000 കടന്നു. 1,34,530 പേര്‍ക്കു രോഗം ബാധിച്ചു. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമായി വരികയാണ്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഇന്നലെ എട്ട് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ മൊത്തം മരണസംഖ്യ 3,176 ആയി.

ചൈന കഴിഞ്ഞാല്‍ ഇറ്റലിയിലാണു വൈറസ് ബാധ മൂലം കൂടുതല്‍ മരണങ്ങളുണ്ടായിരിക്കുന്നത്. ഇറ്റലിയില്‍ മരണം ആയിരം കവിഞ്ഞു. 1500 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. ഇറാനില്‍ ഇന്ന് 85 പേര്‍ മരിച്ചു.പമൊത്തം മരണം 514 ആയി.

120 ലധികം രാജ്യങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ട്രിനിഡാഡ്, ടൊബാഗോ, ഘാന എന്നിവിടങ്ങളില്‍ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അള്‍ജീരിയ, അസര്‍ബൈജാന്‍, ഗ്രീസ്, നോര്‍വേ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ ആദ്യത്തെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണ കൊറിയയില്‍ 110 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം മുമ്പ് ഇത് 114 ആയിരുന്നു. മൊത്തം കേസുകള്‍ 7,979 ആയി. ജപ്പാനില്‍ 1,400 കൊറോണ വൈറസ് കേസുകളാണുള്ളത്.

ബ്രസീല്‍ പ്രസിഡന്റിനും കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും രോഗം

ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കു വൈറസ് ബാധിച്ചതായാണു പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വാരാന്ത്യത്തില്‍ ബാള്‍സോനാരോയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫ്‌ളോറിഡയിലെ റിസോര്‍ട്ടില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച ബ്രസീല്‍ പ്രസിഡന്റിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാബിയോ വാജ്ഗാര്‍ട്ടനും ട്രംപിനെ കാണാന്‍ ബോള്‍സോനാരോയ്ക്കൊപ്പം യാത്ര ചെയ്തിരുന്നു.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫിയ ഗ്രെഗോയര്‍ ട്രൂഡോ യ്ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ട്രൂഡോയ്ക്കു രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പ്രധാനമന്ത്രിയുടെ വക്താവ് ട്വിറ്ററില്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook