ന്യഡൽഹി: ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 206 ആയി ഉയർന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 33 കോവിഡ് ബാധിതരാണ് മരിച്ചത്. 896 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6761 ആയി ഉയർന്നു. ഡൽഹിയിൽ മാത്രം ഇന്ന് 183 പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 903 ആയി ഉയർന്നു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. 1308 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.ഗുജറാത്തിൽ 24 മണിക്കൂറിനിടെ 116 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 378ആയി വർധിച്ചു.

Read Also:ലോക്ക്ഡൗൺ: പ്രധാനമന്ത്രി നാളെയോ മറ്റന്നാളോ രാജ്യത്തെ അഭിസംബോധന ചെയ്തേക്കും

രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ലോക്ക്ഡൗൺ ദീർഘിപ്പിക്കാൻ കേന്ദ്ര സർക്കാരിനുമേൽ സമ്മർദ്ദമുയരുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 14 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക്ഡൗൺ നിട്ടാൻ സംസ്ഥാന സർക്കാരുകളും ആവശ്യപ്പെടുന്നുണ്ട്. മെയ് 1 വരെ കർഫ്യൂ നീട്ടാൻ പഞ്ചാബ് കാബിനറ്റ് തീരുമാനിച്ചു. സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് നേരത്തെ പറഞ്ഞിരുന്നു. നേരത്തേ ഒഡീഷ സർക്കാരും ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചിരുന്നു.

അതേസമയം രാജ്യത്ത് കോവിഡ്-19 ന്റെ സമൂഹ വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.രോഗബാധയുമായി ബന്ധപ്പെട്ട് കൂടുതൽ ജാഗ്രത വേണ്ടതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തുന്നിന്ന് 20473 വിദേശികളെ അതതു രാജ്യങ്ങളിലേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read Also:കോവിഡ്-19: ഭേദമായാലും വീണ്ടും ബാധിക്കുമോ, ദക്ഷിണ കൊറിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നതെന്ത്

കേരളത്തില്‍ ഇന്ന് ഏഴു പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിൽ മൂന്നു പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലകളിൽ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.  364 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

ലോകത്താകെ 1,650,210 പേർക്ക് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. മരണ സംഖ്യ ഒരുലക്ഷം കടന്നു.  ഇതുവരെ 100,376 പേർ കോവിഡ് ബാധിച്ച് മരിച്ചതായാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ.  ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചത്. 18279 പേർ ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരിച്ചു. സ്പെയിനിൽ 15843 പേരും ഫ്രാൻസിൽ 12210 പേരും ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. യുഎസിൽ ന്യൂയോർക്ക് നഗരത്തിൽ മാത്രം 5150 പേർ മരിച്ചു. യുഎസിലാണ് രോഗബാധിതർ ഏറ്റവും കൂടുതൽ. 473, 093 പേർക്കാണ് യുഎസിൽ കോവിഡ് സ്ഥിരീകരിച്ചത്. സ്പെയിനിൽ 157,022 പേർക്കും ഇറ്റലിയിൽ 157, 626 പേർക്കും രോഗം സ്ഥിരീകരിച്ചു. ജർമനിയിൽ 119401 പേർക്കും ഫ്രാൻസിൽ 118790 പേർക്കും രോഗം സ്ഥിരീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook