മുംബൈ: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന മുംബൈയിലെ ഡോക്ടര്‍ മരിച്ചു. ഹിന്ദുജ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഡോക്ടറുടെ കൊച്ചുമകന്‍ ലണ്ടനില്‍നിന്ന് മാര്‍ച്ച് 12ന് തിരിച്ചെത്തിയിരുന്നതായും സ്വയം ഒറ്റപ്പെട്ടുകഴിയുകയായിരുന്നുവെന്നും ബന്ധുക്കള്‍ അധികൃതരോട് പറഞ്ഞു.

എണ്‍പത്തി രണ്ടുകാരനായ ഡോക്ടര്‍ക്കു നാല് ദിവസം മുമ്പ് ചുമയുണ്ടായിരുന്നു. കോവിഡ്-19 പരിശോധനയില്‍, ഫലം പോസിറ്റീവ് ആയി. തുടര്‍ന്ന് ഡോക്ടറെ ഹിന്ദുജയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആറ് പേരടങ്ങുന്ന കുടുംബത്തിലെ എല്ലാവരുടെയും പരിശോധനാ ഫലം പോസിറ്റീവാണ്.

വൈറസ് ബാധിച്ച് രാജ്യത്ത് ഇതുവരെ 17 പേര്‍ മരിച്ചതായാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന ഏറ്റവും പുതിയ വിവരം. രോഗബാധിതരുടെ എണ്ണം 724 ആയി ഉയര്‍ന്നു. 66 പേര്‍ക്കു രോഗം ഭേദമായി. ആഗോളതലത്തില്‍ മരണസംഖ്യ 24,057 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു.

Read Also: കോവിഡ്-19: ഇന്ത്യയിൽ ഒരു മരണം കൂടി, 724 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 8,215 പേര്‍. സ്‌പെയിന്‍- 4,365, ചൈന- 3,169, ഇറാന്‍-2,234, ഫ്രാന്‍സ് -1,696 എന്നിങ്ങനെയാണു മറ്റുരാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് മുന്നില്‍. 82,000 കടന്നു.

ചൈനയില്‍ 81,782 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ 80,589 പേര്‍ക്കും സ്‌പെയിനിയില്‍ 57,786 പേര്‍ക്കും ജര്‍മനിയില്‍ 43,938 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook