ന്യൂഡല്‍ഹി: പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിനിടയിലും രാജ്യത്ത് കോവിഡ്-19 ബാധിതര്‍ കൂടുന്നു. വൈറസ് ബാധിതരുടെ എണ്ണം 519 ആയി ഉയര്‍ന്നു. ഇതില്‍ 470 പേരും ചികിത്സയിലാണ്. രോഗം ബാധിച്ച് 10 പേരാണ് ഇതുവരെ മരിച്ചത്.

കേരളത്തില്‍ 105 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ നാലുപേര്‍ രോഗമുക്തരായി. ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 14 പേര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 18 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു.

എട്ടുപേര്‍ക്കു കൂടി വൈറസ് സ്ഥിരീകരിച്ചതോടെ കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം 41 ആയി ഉയര്‍ന്നു. ഇതില്‍ ആറുപേര്‍ കര്‍ണാടകയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങിയ കേരളത്തിലേക്കുള്ള യാത്രക്കാരാണ്. മഹാരാഷ്ട്രയില്‍ 97 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഗുജറാത്തിലെ രാജ്‌കോട്ടില്‍ രണ്ടുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. എഴുപത്തിയാറുകാരിക്കും വിദേശത്തുനിന്ന് എത്തിയ മുപ്പത്തിയാറുകാരനുമാണു രോഗം സ്ഥിരീകരിച്ചത്. കോവിഡ്-19നെ ഉത്തര്‍പ്രദേശ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. നാളെ മുതല്‍ സംസ്ഥാനത്ത് ഉടനീളം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും ഉത്തര്‍പ്രദേശ് തീരുമാനിച്ചു. ഹിമാചല്‍ പ്രദേശിലും നാളെ മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും.

ഗുഡ്ഗാവില്‍ രണ്ടുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം പത്തായി ഉയര്‍ന്നു. അതേസമയം, ഡല്‍ഹിയില്‍ കഴിഞ്ഞ 40 മണിക്കൂറിനിടെ ഒറ്റ പോസിറ്റീവ് കേസും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജീവിതം പ്രതിസന്ധിയിലായ നിര്‍മാണത്തൊഴിലാളികള്‍ക്ക് 5,000 രൂപ വീതം നല്‍കുമെന്നു കേജ്‌രിവാള്‍ പ്രഖ്യാപിച്ചു.

Read Also: രാജ്യത്ത് സമ്പൂർണ ലോക്‌ഡൗണ്‍, 21 ദിവസത്തേക്ക് രാജ്യം അടച്ചുപൂട്ടിയെന്ന് പ്രധാനമന്ത്രി

കൊറോണ വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. ഇന്ന് രാത്രി എട്ടിനു രാജ്യത്തെ അഭിസംബോധന ചെയ്യാൻ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത്. 21 ദിവസത്തേക്കാണ് ലോക്‌ഡൗണ്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് എവിടെയാണെങ്കിലും ഇന്ത്യയിലെ ജനങ്ങൾ അവിടെ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങൾക്കും ലോക്‌ഡൗണ്‍ ബാധകമാണ്. ഇന്ന് രാത്രി 12 മുതൽ ലോക്‌ഡൗണ്‍ നിലവിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ്-19 വെെറസ് വ്യാപനത്തിൽ നിന്നു മുക്തി നേടാൻ സാമൂഹിക അകലം മാത്രമാണ് പോംവഴിയെന്നും ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രോഗബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിക്കഴിഞ്ഞു. ലോക്ക്ഡൗണ്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആയിരം രൂപ പിഴയോ ആറുമാസം ജയില്‍ശിക്ഷയോ നല്‍കകുമെന്നാണു മുന്നറിയിപ്പ്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നിലനില്‍ക്കുന്ന ആഘാതം മറികടക്കാനായി കേന്ദ്ര സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. 15,000 കോടി രൂപയുടെ പാക്കേജാണ് ഇന്ന് പ്രഖ്യാപിച്ചത്. കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ ചില പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നു നടത്തിയിരുന്നു.

സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കിയതാണു പ്രധാന പ്രഖ്യാപനം. ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് ഏതു ബാങ്കിന്റെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാമെന്നും ഇതിനു പ്രത്യേക നിരക്ക് ഈടാക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

Read Also: മൂന്നു മാസത്തേക്ക് ഏത് എടിഎമ്മില്‍നിന്നും പണം പിന്‍ വലിക്കാം; മിനിമം ബാലന്‍സ് നിബന്ധന ഇല്ല

2018-2019 ലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി. മാര്‍ച്ച്-മേയ് കാലത്തെ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധിയും ജൂണ്‍ 30 വരെ നീട്ടി. അഞ്ചു കോടി വരെ വിറ്റുവരവുള്ള കമ്പനികള്‍ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതു വൈകിയാല്‍ അധിക ഫീസോ പിഴയോ പലിശയോ ഈടാക്കില്ല. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ സര്‍ക്കാര്‍ നീട്ടിയതായും ധനമന്ത്രി വ്യക്തമാക്കി.

ലോകത്താകമാനം 16,572 പേരാണു കോവിഡ് ബാധയില്‍ മരിച്ചത്. 3,81,293 പേര്‍ക്കു രോഗം ബാധിച്ചു. ഇറ്റലിയിലാണു മരണസംഖ്യ കൂടുതല്‍. 6,077 പേര്‍ മരിച്ചു. രോഗം സ്ഥിരീകരിച്ചത് 63,927 പേര്‍ക്ക്. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 3,153 പേരാണ് ഇതുവരെ മരിച്ചത്. 81,514 പേര്‍ക്കു വൈറസ് ബാധിച്ചു. സ്‌പെയിനില്‍ 2,311 പേരും ഇറാനില്‍ 1,812 പേരും ഫ്രാന്‍സില്‍ 860 പേരും യുകെയില്‍ 335 പേരും മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook