ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ 873 പേർക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. ഇതിൽ 78 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. രാാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം19 ആയി ഉയർന്നതായും മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രോഗം ബാധിച്ചവരിൽ 47 പേർ വിദേശികളാണ്. ഇന്ത്യക്കാർ 826 പേർ. 24 മണിക്കൂറിനിടെ രാജ്യത്ത് 149 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, മഹാരാഷ്ട്രയിലും ഗുജറാത്തിലും ഇന്ന് പുതുതായി ആറ് കോവിഡ് കേസുകൾ വീതം കണ്ടെത്തി. ഡൽഹിയിൽ കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനമുണ്ടായാൽ കൈകാര്യം ചെയ്യാൻ സജ്ജമാവണമെന്ന് നിർദേശം ലഭിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചിരുന്നു. പ്രതിദിനം 1000 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്താലും കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും കേജ്‌രിവാൾ വ്യക്തമാക്കി.

Also Read: നിപ്പയെ ചെറുത്ത അനുഭവം കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് ഞങ്ങളെ സഹായിച്ചു: മുഖ്യമന്ത്രി

നിലവിൽ ലോകത്താകെ കോവിഡ് ബാധ കണ്ടെത്തിയവരുടെ എണ്ണം 5,97,335 ആയി വർധിച്ചു. ഇതിൽ 131,712 പേർ രോഗമുക്തരായി. 27,365 പേരാണ് ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചത്.  യുഎസിലാണ് രോഗബാധിതർ കൂടുതൽ. 104,686 പേർക്ക് യുഎസിൽ രോഗം സ്ഥിരീകരിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാല അറിയിച്ചു.

ഇറ്റലിയിൽ 86,498 പേർക്കും ചൈനയിൽ 81,946 പേർക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. സ്പെയിനിൽ 65, 719ഉം ജർമനിയിൽ 50, 871ഉം കോവിഡ് കേസുകൾ ഇതുവരെ സ്ഥിരീകരിച്ചു. ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ മരണസംഖ്യ. 9134 പേർ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു. 10,950 പേർ രോഗ മുക്തരായി. സ്പെയിനിൽ 5,138പേർ രോഗം ബാധിച്ച് മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook