ന്യൂഡൽഹി : രാജ്യത്ത് കോവിഡ്-19 സാമൂഹ്യ വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സാമൂഹ്യ വ്യാപനമുണ്ടാവുകയാണെങ്കിൽ അക്കാര്യം മാധ്യമങ്ങൾ വഴി അറിയിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി.

“സാമൂഹ്യവ്യാപനം സംഭവിച്ചാൽ അത് സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടതുണ്ട്. അതിനാൽ തന്നെ രോഗത്തിന്റെ സാമൂഹ്യവ്യാപനമുള്ളതായി കണ്ടെത്തിയാൽ വിവരം മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തും. നിലവിൽ രാജ്യത്ത് സാമൂഹ്യവ്യാപനമില്ല “- ലാവ് അഗർവാൾ പറഞ്ഞു.

Read Also: നിങ്ങളുടെ കുടുംബങ്ങൾ ഇവിടെ സുരക്ഷിതർ; പ്രവാസികളോട് മുഖ്യമന്ത്രി

രാജ്യത്ത് രോഗവ്യാപന നിരക്ക് കുറവാണെന്നും ദേശവ്യാപക ലോക്ക് ഡൗണും സാമൂഹിക അകലത്തിനുള്ള മാർഗനിർദേശങ്ങൾ ആളുകൾ കർശനമായി പാലിക്കുന്നതുമാണ് അതിന് കാരണമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പറയുന്നു. 12 ദിവസം കൊണ്ടാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം 100ൽ നിന്ന് 1000ലേക്കുയർന്നത്. എന്നാൽ കുറഞ്ഞ ജനസംഖ്യയുള്ള ഏഴ് മറ്റു വികസിത രാജ്യങ്ങളിൽ ഇതിലും കുറഞ്ഞ സമയത്തിനുള്ളിൽ രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയിലേതിനേക്കാളും പലമടങ്ങാണ് വർധനവുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു കൂടിക്കാഴ്ച. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ലോകത്താകെയുള്ള ഇന്ത്യൻ അംബാസിഡർമാരും  ഹെെക്കമ്മീഷണർമാരുമായി  പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഇത് അസാധാരണമായ സമയമാണെന്നും അസാധാരണമായ പരിഹാര മാർഗങ്ങളാണ് ഇപ്പോൾ ആവശ്യമെന്നും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. രോഗ വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി നടത്തിയ ശ്രമങ്ങൾക്ക് നയതന്ത്ര പ്രതിനിധികളെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

49 വിദേശികളടക്കം ആകെ 1071 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്ക്. ഇതിൽ 99 പേർക്ക് രോഗം ഭേദമായി. ഒരാളെ വിദേശത്തേക്ക് മാറ്റുകയും ചെയ്തിരുന്നു.

മെഡിക്കല്‍ ഉപകരണങ്ങള്‍ വിമാനങ്ങള്‍ വഴി വിതരണം ചെയ്യും

കോവിഡ്-19 പരിശോധനയ്ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങൾ വിമാനങ്ങൾ വഴി സംസ്ഥാനങ്ങളിലെത്തിക്കുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്കുള്ള സുരക്ഷാ ഉപകരണങ്ങളും ഇത്തരത്തിൽ വിതരണം ചെയ്യും. ഉപകരണങ്ങളുടെ വിതരണത്തിനായി എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍ വിമാനങ്ങളാണ് ഉപയോഗിക്കുക. മുംബെെ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, പുതുച്ചേരി, കോയമ്പത്തൂര്‍ ഗുവാഹത്തി, ദിബ്രുഗഡ്, അഗര്‍ത്തല, വിമാനത്താവളങ്ങളിലേക്ക് ഇത്തരത്തിൽ ഉപകരണങ്ങൾ എത്തിച്ചതായും മന്ത്രാലയം അറിയിച്ചു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook