ജനീവ: ലോകത്തെ മുഴുവൻ ആശങ്കയിലാഴ്‌ത്തിയിരിക്കുന്ന കൊറോണ വൈറസ് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകില്ലെന്ന് ലോകാരോഗ്യസംഘടന. കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്ന് ലോകാരോഗ്യസംഘടന എമർജൻസീസ് വിഭാഗം തലവൻ മൈക് റയാൻ പറഞ്ഞു. ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലാണ് മൈക് റയാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

“കോവിഡ്-19 നെ പ്രതിരോധിക്കാൻ മരുന്ന് കണ്ടെത്തിയാൽ തന്നെ കൊറോണ വൈറസ് ഭൂമുഖത്തു നിന്നു അപ്രത്യക്ഷമാകണമെങ്കിൽ ഒരുപാട് പ്രയാസമുണ്ട്. അതിനുവേണ്ടി കൂട്ടായ പ്രവർത്തനം വേണ്ടിവരും. സമൂഹത്തിൽ മറ്റൊരു വൈറസ് ബാധയായി ഇതു മാറാൻ സാധ്യതയുണ്ട്. കൊറോണ വൈറസ് നമ്മുടെ സമൂഹത്തിൽ നിന്നു ഒരിക്കലും പൂർണമായി ഇല്ലാതാകില്ല. വൈറസ് ഇവിടെ നിലനിൽക്കാനാണ് സാധ്യത. എച്ച്‌ഐവി സമൂഹത്തിൽ നിന്ന് പൂർണമായി ഇല്ലാതായിട്ടില്ല. പക്ഷേ, നമ്മൾ അതിനെ പ്രതിരോധിച്ച് നിൽക്കുന്നു. സമാനരീതിയിൽ കൊറോണ വൈറസിനെതിരെയും പോരാടേണ്ടി വരും. കൊറോണ വൈറസ് നമ്മുടെ സമൂഹത്തിൽ നിന്ന് എപ്പോൾ അപ്രത്യക്ഷമാകുമെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ല. വൈറസ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കും” മൈക് റയാൻ പറഞ്ഞു.

Read Also: കോയമ്പേട് മുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ രോഗബാധ വരെ; വയനാട് അതീവ ജാഗ്രതയിൽ

അതേസമയം, കൊറോണ വൈറസ് മനുഷ്യനിർമ്മിതമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. കൊറോണ ഒരു സ്വാഭാവിക വൈറസ് അല്ല. ഇതൊരു ലാബിൽ നിർമ്മിച്ചതാണ്. മനുഷ്യനിർമ്മിതമാണിത്. കൃത്രിമമായി ആരോ സൃഷ്‌ടിച്ചതാണ്. കൊറോണയ്‌ക്ക് ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും നിതിൻ ഗഡ്‌കരി പറഞ്ഞു. ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഗഡ്‌കരി ഇക്കാര്യം പറഞ്ഞത്.

“കൊറോണ വൈറസിനൊപ്പം ജീവിക്കുന്ന കല നാം മനസിലാക്കണം. ഇത് പ്രകൃതിയിൽ സ്വാഭാവികമായി രൂപപ്പെട്ട ഒരു വൈറസ് അല്ല. കൃത്രിമമായി സൃഷ്‌ടിച്ചതാണ്. കൊറോണ വൈറസിനെതിരെ വാക്‌സിൻ കണ്ടെത്താനുള്ള ഗവേഷണത്തിലാണ് ലോകം മുഴുവൻ. ഇതുവരെ വാക്‌സിൻ കണ്ടെത്താൻ ആർക്കും സാധിച്ചിട്ടില്ല. ഉടൻ കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ പിന്നെ പേടിക്കാനില്ല,” ഗഡ്‌കരി പറഞ്ഞു

“വൈറസിനെ കണ്ടെത്താനുള്ള സാങ്കേതികത നാം സ്വായത്തമാക്കണം. വൈറസിനെ പെട്ടന്ന് കണ്ടെത്താനുള്ള സാങ്കേതികതയാണ് നമുക്ക് വേണ്ടത്. വൈറസ് വ്യാപനം അപ്രതീക്ഷിതമായിരുന്നു. ഇതൊരു സ്വഭാവിക വൈറസ് അല്ല. ഒരു ലാബിൽ നിന്ന് കൃത്രിമമായി സൃഷ്‌ടിച്ചെടുത്താണ്. ലോകവും ഇന്ത്യയും ഇപ്പോൾ വൈറസിനെ പ്രതിരോധിക്കാൻ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. പ്രതിരോധ മരുന്ന് കണ്ടെത്തിയാൽ പിന്നെ പ്രശ്‌നങ്ങളൊന്നും ഇല്ല.” ഗഡ്‌കരി വ്യക്തമാക്കി.

Read Also: കാൽനടയായി നാട്ടിലേക്കു പോകുകയായിരുന്ന തൊഴിലാളികളെ ബസ് ഇടിച്ചു തെറിപ്പിച്ചു; ആറ് മരണം

കൊറോണ വൈറസ് ചൈന കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. വുഹാൻ ഇൻസ്‌റ്റിറ്റ‌്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നു തന്നെയാണ് കൊറോണ വൈറസ് വ്യാപിച്ചതെന്നതിനു തെളിവുകളുണ്ടെന്ന് ട്രംപ് പറഞ്ഞു. കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്ന് ട്രംപ് മാധ്യങ്ങളോട് പറഞ്ഞു. “ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ കുറിച്ചെല്ലാം ഞങ്ങൾ കൃത്യമായി അന്വേഷിക്കുന്നുണ്ട്. വളരെ ശക്തമായി ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്ന ഒരു വിഭാഗം ഞങ്ങൾക്കുണ്ട്. ഞങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കും. അല്ലെങ്കിൽ ചൈന തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞങ്ങളോട് തുറന്നുപറയും,” ട്രംപ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook